കാപ്പി കൃഷിക്കാരും മറ്റു കൃഷിക്കാരും നെസ് കഫേയെപോലുള്ള വൻകിട കമ്പനികളുമായി കരാറിലേർപ്പെടണം;കോൺട്രാക്ട് കൃഷിക്കാർ കമ്പനികൾ പറയുന്ന വിത്ത്, വളം, കാർഷിക പരിചരണങ്ങൾ ചെയ്യണം; വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് മോഡി സർക്കാരിന്റെ പരിഹാരമെന്തായിരിക്കുമെന്ന് ഡോക്ടർ തോമസ് ഐസക്ക്

വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് മോഡി സർക്കാരിന്റെ പരിഹാരമെന്തായിരിക്കുമെന്ന് ഡോക്ടർ തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് മോഡി സർക്കാരിന്റെ പരിഹാരമെന്തായിരിക്കും? കാപ്പി കൃഷിക്കാരും മറ്റു കൃഷിക്കാരും നെസ് കഫേയെപോലുള്ള വൻകിട കമ്പനികളുമായി കരാറിലേർപ്പെടണം.
കോൺട്രാക്ട് കൃഷിക്കാർ കമ്പനികൾ പറയുന്ന വിത്ത്, വളം, കാർഷിക പരിചരണങ്ങൾ ചെയ്യണം. കമ്പനികൾ ഉൽപ്പന്നങ്ങൾ സംഭരിച്ച് സംസ്കരിച്ച് വിപണനം ചെയ്യും. ഇതുവഴി കൃഷി നവീകരിക്കപ്പെടും, ഉൽപ്പാദനക്ഷമത ഉയരും, കൃഷിക്കാരുടെ വരുമാനം വർദ്ധിക്കും. ഇതിനായിരുന്നു കാർഷിക നിയമങ്ങൾ. അതെ കർഷകസമരം പ്രതിരോധിച്ച കരിനിയമങ്ങൾ.
എന്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ പരിഹാരം? കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികൾ / സഹകരണ സംഘങ്ങൾ ഉണ്ടാക്കുക. അവയുടെ നേതൃത്വത്തിൽ കൃഷിയെ നവീകരിക്കാൻ മുൻകൈയെടുക്കുക. ഇവരുടെ കൂട്ടുടമസ്ഥതയിൽ കാപ്പി സംസ്കരിച്ച് ബ്രാൻഡ് ചെയ്ത് ദേശത്തും വിദേശത്തും വിൽക്കുക. ഇതിനായി സംഭരിക്കുന്ന കാപ്പിക്ക് ഉയർന്ന തറവില ഉറപ്പുവരുത്തുക.
വയനാടൻ കാപ്പിക്ക് നാട്ടിൽ വിപണി ഒരുക്കുന്നതിന് ജനങ്ങളെ അണിനിരത്തണം. ഒരു കാലത്ത് ഗണേഷ് ബീഡി തിറുത്ത് മലയാളി ദിനേശ് ബീഡി വലിക്കാൻ തുടങ്ങിയത് ഓർമ്മയില്ലേ. അതുപോലെ കാപ്പി കൃഷിക്കാരെ രക്ഷിക്കാൻ ഗുണഭോക്താക്കളുടെ രാഷ്ട്രീയം ഇന്നും സാദ്ധ്യമാണ്.
രണ്ട് ഘടകവിരുദ്ധ സമീപനങ്ങളാണ്. ഒന്നാമത്തേത് കൃഷിക്കാരെ കോർപ്പറേറ്റുകളുടെ ദാസ്യരാക്കുന്നത്. രണ്ടാമത്തേത് കൃഷിക്കാരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. നമ്മുടെ കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് വയനാടിനെ കാർബൺ ന്യൂട്രൽ ആക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ കാർബൺ എമിഷൻ കുറയ്ക്കാൻ 70 ലക്ഷം മരങ്ങൾകൂടി നട്ടാൽ ജില്ല കാർബൺ ന്യൂട്രലാകും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ കർബൺ ന്യൂട്രൽ ജില്ലയിൽ നിന്നുള്ള കാപ്പിക്ക് ദേശത്തും വിദേശത്തും പ്രിയമേറും. മീനങ്ങാടിയിൽ പരീക്ഷിച്ച ട്രീബാങ്കിംഗ് നടപ്പാക്കിയാൽ മരം നടുന്ന കൃഷിക്കാർക്ക് ഇന്നു തന്നെ വരുമാനം കിട്ടും. മരം പൂർണ്ണ വളർച്ചയെത്തി വെട്ടുമ്പോൾ പണം തിരിച്ചു നൽകിയാൽ മതിയാകും. പലിശ സബ്സിഡിയും നൽകും.
ഇതിനു വേണ്ടുന്ന പണം ആഗോള കാർബൺ ഫണ്ടിൽ നിന്നും ലഭ്യമാക്കാനാകും. ഇന്ത്യാ സർക്കാർപോലും മീനങ്ങാടി പരീക്ഷണത്തെ പഠിച്ചു കൊണ്ടിരിക്കുകയാണ്. നമുക്കു മുമ്പെ നടക്കാം. സിപിഐ(എം) വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സുൽത്താൻബത്തേരിയിലെ എന്റെ പ്രഭാഷണത്തിന്റെ ആമുഖമാണ് മുകളിൽ കൊടുത്തത്.
ഇതിനായി അവിടെ ചെന്നപ്പോൾ തെരുവിൽ കണ്ട സുന്ദരകാഴ്ചയുടെ പോസ്റ്റ് ഒട്ടേറെ പേർക്ക് ഇഷ്ടപ്പെട്ടുവെന്നതിൽ സന്തോഷം. പലരും സമ്മേളനത്തിന്റെ ചെങ്കൊടിയേയും ബോർഡിനെയും കുറിച്ചു വേവലാതിപ്പെട്ടു കണ്ടു. ഇതുസംബന്ധിച്ച് സുൽത്താൻബത്തേരിക്കാർ കൂട്ടായ തീരുമാനമെടുത്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും മറ്റും ചടങ്ങിനു 2 ദിവസം മുമ്പ് കൊടി തോരണങ്ങൾ വയ്ക്കാം.
ചടങ്ങു കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണം. ആദ്യത്തെ ബോഗൻവില്ല മാതൃക സൃഷ്ടിച്ചത് സിഐറ്റിയു ഓട്ടോറിക്ഷ ഡ്രൈവർമാരാണെന്ന് അവരുടെ യൂണിയൻ അറിയിച്ചിരിക്കുന്നു. സഖാവ് സുജിത്ത് അതു ശരിവച്ചിട്ടുമുണ്ട്.
സുൽത്താൻബത്തേരിയുടെ മികവ് സാധാരണ തൊഴിലാളികളും ജനങ്ങളും ഒരുപോലെ ശുചിത്വ പരിപാടിയിൽ പങ്കാളികളാണെന്നതാണ്. സുൽത്താൻബത്തേരിയിൽ കുറച്ചു സമയമേ ഞാൻ ചെലവഴിച്ചുള്ളൂ. എന്നാൽ അതിനെക്കുറിച്ചു വളരെ വിശദമായി ഡ്രൈവർ പ്രേഷിതും സുജിത്തും വിശദീകരിച്ചുതന്നു. മുനിസിപ്പൽ സെക്രട്ടറിയേയും പരിസ്ഥിതി പ്രവർത്തകരേയും ഫോണിൽ വിളിച്ചു നൽകി.
https://www.facebook.com/Malayalivartha