സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലിഡാര്‍ സര്‍വെ എന്നത് തട്ടിക്കൂട്ടിയ സര്‍വെ എന്നാണ് അദ്ദേഹം പറഞ്ഞത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞ കാര്യമാണ്. ഏരിയല്‍ സര്‍വെ നടത്തിയാല്‍ ഒരിക്കലും കൃത്യമായ വിവരങ്ങള്‍ ലഭിക്കില്ല. എത്ര വീടുകള്‍ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സര്‍വെയിലൂടെയാണ് വ്യക്തമാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
ലിഡാര്‍ സര്‍വെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണ്. മാത്രമല്ല സര്‍ക്കാര്‍ പറയുന്ന തുകയല്ല പദ്ധതിക്ക് വേണ്ടിവരിക, ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് വരിക എന്നാണ് സിസ്ട്രയുടെ തലവന്‍ പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.24 ലക്ഷം കോടി ചിലവ് വരുമെന്നാണ്. എന്നാല്‍ ഇത് 2018ലെ കണക്കാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്ബോള്‍ രണ്ട് ലക്ഷം കോടി കടക്കും. വ്യക്തമായ ഒരു റിപ്പോര്‍ട്ട് പോലും ഇല്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല, നേരായ രീതിയില്‍ സര്‍വെ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി തന്നെ പിന്മാറണം. ഈ മാസം 18 ന് പത്ത് ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും യു.ഡി.എഫ് നടത്തുന്ന മാര്‍ച്ച് സില്‍വര്‍ ലൈനിന് എതിരായ സമര പരമ്പരകളുടെ തുടക്കമായിരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha