സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുന്നു; ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു

സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പുനഃസംഘടിപ്പിച്ച വയോജന കൗണ്‍സിലിന്റെ ആദ്യയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കും.
കേന്ദ്ര വയോജനസംരക്ഷണ നിയമം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയതിന് കേന്ദ്രസര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രനിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്തതും വയോജനസംരക്ഷണത്തിൽ കൂടുതല്‍ ഫലപ്രദവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്രനിയമനിര്‍മ്മാണത്തിന്റെ സാദ്ധ്യത പരിശോധിക്കും - മന്ത്രി പറഞ്ഞു.
വയോജനമേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആവിഷ്കരിച്ച മെഡിസെപ് മാതൃകയില്‍ വയോജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിശോധിക്കാൻ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും.
വാര്‍ദ്ധക്യപെന്‍ഷന് അര്‍ഹതയുള്ള എല്ലാ വയോജനങ്ങളെയും വയോമിത്രം പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യവും പരിശോധിക്കാൻ നിർദ്ദേശിക്കും. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി വയോജനപാര്‍ക്കുകള്‍ സ്ഥാപിക്കാനും, നിലവിലെ പാര്‍ക്കുകളുടെ ഒരു ഭാഗം വയോജനപാര്‍ക്കാക്കി മാറ്റുന്നകാര്യം പരിശോധിക്കാനും സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും.
വയോജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിലും ട്രെയിനുകളില്‍ നിലവിലുണ്ടായിരുന്ന സൗജന്യനിരക്ക് കോവിഡോടെ ഇല്ലാതാക്കിയതിലും യോഗം പ്രതിഷേധിച്ചു. സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനറായി അമരവിള രാമകൃഷ്ണനെ നിര്‍ദ്ദേശിക്കാനും യോഗം തീരുമാനിച്ചു.
പൊതുഗതാഗത സംവിധാനങ്ങളില്‍ വയോജനങ്ങള്‍ക്കുള്ള സീറ്റ് സംവരണം ഫലപ്രദമായി നടപ്പാക്കാൻ നടപടിവേണമെന്ന് ഗതാഗതവകുപ്പിനോടാവശ്യപ്പെട്ട് കത്തുനൽകും. വയോജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലാവണം സീറ്റ് സംവരണം. ബസുകളില്‍ അവർക്ക് കയറിയിറങ്ങൽ എളുപ്പമാക്കുന്ന രീതിയില്‍ ഫുട്ബോഡുകള്‍ സ്ഥാപിക്കണമെന്നും,
യാത്രയ്ക്ക് സൗജന്യനിരക്ക് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടും. സ്കൂളുകളിലും കോളേജുകളിലും വയോജന ക്ലബ്ബുകള്‍ രൂപീകരിക്കുന്നത് പരിശോധിക്കാനും, ദേശീയ വയോജനകൗണ്‍സിലില്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha