നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ഇന്ന് വിതരണം ചെയ്തു, പരീക്ഷകൾ മാറ്റിവച്ച് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാലയില്‍ നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ മാറി നല്‍കിയതോടെ പരീക്ഷകൾ മാറ്റിവച്ചു. നാളത്തെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നൽകിയത്.കണ്ണൂർ എസ് എൻ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ ബി.എ അഫ്‌സൽ. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല.നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്സ് ഓൺ ജൻഡർ’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. റീഡിങ്സ് ഓൺ ലൈഫ് ആൻഡ് നേച്ചർ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
എന്നാൽ കവർ മാറി പൊട്ടിച്ചു പോയെന്നാണ് വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പർ തയ്യാറാക്കിയ ശേഷമായിരിക്കും നടത്തുക. ഇന്ന് തുടങ്ങിയ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ നടത്തിപ്പ് നേരത്തേ വിവാദത്തിലായിരുന്നു. ഇന്ന് പരീക്ഷയെഴുതേണ്ട കുട്ടികൾക്ക് ഹാൾടിക്കറ്റ് നൽകിയത് ഇന്നലെ വൈകുന്നേരം മാത്രമാണ്. ഹാൾടിക്കറ്റും കോളേജുകൾക്കുള്ള നോമിനൽ റോളും ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമാണ് സൈറ്റിൽ അപ്ലോഡ് ചെയ്തത്.
ഹാൾടിക്കറ്റ് വൈകിയതോടെ പരീക്ഷ മാറ്റിവച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവിൽ ഹാൾ ടിക്കറ്റ് ഉടൻ വരുമെന്നും പരീക്ഷ നിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷ കൺട്രോളർക്ക് വിശദീകരണം ഇറക്കേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha