കണ്ണൂര്‍ വി സി നിയമന വിവാദം; ഹർജി തള്ളിക്കൊണ്ടുള്ള കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി ആര്‍ ബിന്ദു; നിയമന ശുപാർശ നൽകികൊണ്ടുള്ള കത്തിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല

കണ്ണൂര്‍ വി സിയുടെ നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള കോടതി വിധി സ്വാഗതാർഹമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിസി നിയമനത്തില്‍ അപാകതയില്ലെന്ന് കോടതി പറഞ്ഞതോടെ നിയമനത്തില്‍ പ്രശ്നങ്ങളില്ലെന്ന് മനസിലായി.വിധി വിസിക്ക് തുടരാനുള്ള അനുവാദം നല്‍കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് ഊര്‍ജം നല്‍കുന്നതാണ് കോടതി വിധി എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.
കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹരജി നല്‍കിയിരുന്നത്.
കഴിഞ്ഞ നവംബര്‍ 24 ന് കാലാവധി കഴിഞ്ഞതോടെ വിസിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനര്‍ നിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല നിയമനം നടത്തിയിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ വാദം. എന്നാല്‍ ഹരജി ഫയലില്‍ സ്വീകരിക്കാതെ തന്നെ കോടതി തള്ളി. സാധാരണ നിലയില്‍ ഇത്തരം നിയമനങ്ങള്‍ നടത്താറുണ്ടന്നും മന്ത്രി കത്തെഴുതിയതില്‍ അപാകതയില്ലന്നും വി.സി പ്രതികരിച്ചു.
https://www.facebook.com/Malayalivartha