ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുനയത്തിന്റെ വഴിയില്‍...സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം, ഒടുവില്‍ ഗവര്‍ണര്‍ പിണറായിക്ക് വഴങ്ങും, പക്ഷേ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുനയത്തിന്റെ വഴിയില്‍. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം എന്നറിയുന്നു.വി സി നിയമനത്തിന്റെ ഫയല്‍ ഒപ്പിട്ട് നല്‍കിയ ശേഷം വിവാദമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അദ്ദേഹത്തിന് ലഭിച്ച ഉപദേശം.
എന്നാല്‍ ഇനി സര്‍ക്കാര്‍ അയക്കുന്ന ഫയലുകള്‍ അദ്ദേഹം നൂറ്റിയൊന്നാ വര്‍ത്തി വായിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളു. എന്നാല്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഒഴിയുകയാണെങ്കില്‍ ഒഴിയട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനായി സര്‍ക്കാര്‍ സാഹചര്യം ഒരുക്കില്ല. അദ്ദേഹം അതിന് തയ്യാറാണെങ്കില്‍ ആയിക്കോട്ടെ എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്.ഗവര്‍ണറുടെ ഭയപ്പെടുത്തലില്‍ വീഴേണ്ടതില്ലെന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്.
സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. കത്ത് പുറത്തുവിട്ട ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച മന്ത്രി ചോദ്യങ്ങളോട് ക്ഷുഭിതയായാണ് അന്ന് പ്രതികരിച്ചത്. ചട്ടം ലംഘിച്ച ബിന്ദുവിന്റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ പ്രതികരണം വരുന്നത്.
ഘടകകക്ഷിയായ സിപിഐയും ബിന്ദുവിനെതിരായ നിലപാടാണ് ഇന്ന് സ്വീകരിച്ചത്. കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഗവര്‍ണര്‍ക്ക് ചട്ടം ലംഘിച്ച കത്തയച്ച് കുരുക്കിലായ ആര്‍ ബിന്ദുവിനെ മുന്‍ നിയമമന്ത്രി എ കെ ബാലന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് കാനം നിലപാട് കടുപ്പിക്കുന്നത്.
ചാന്‍സിലറും പ്രോ ചാന്‍സിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങള്‍ സിപിഐ അംഗീകരിക്കുന്നില്ല. സിപിഐ സംസ്ഥാന കൗണ്‍സിലിലും മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കാനം പരസ്യമായി കൂടി പറഞ്ഞതോടെ സര്‍ക്കാരും മുന്നണിയും വെട്ടിലാകുകയാണ്.
കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവര്‍ണര്‍ തന്റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതല്‍ യുഡിഎഫ് ആവശ്യപ്പെടുന്നത് മന്ത്രിയുടെ രാജിയാണ്. ഇന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷി വരെ മന്ത്രിയുടെ ഇല്ലാത്ത അധികാരത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് ഇത് ആയുധമായി.
ഗവര്‍ണറുമായി ഏറ്റുമുട്ടലിന് നില്‍ക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രി മന്ത്രി ബിന്ദുവിന് നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇനി പരസ്യ പ്രസ്താവന നടത്തരുതെന്നും പറഞ്ഞ് അബദ്ധം പിണയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ചത് ഗവര്‍ണര്‍ നേടി തന്നു എന്ന ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളത്.
അതിനിടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരിടപെടല്‍ ഉണ്ടാക്കാനുള്ള നീക്കം സി പി എം പി ബി നടത്തുന്നുണ്ട്. കാരണം കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് വേണ്ടപ്പെട്ട വ്യക്തിയാണ്. ഗവര്‍ണര്‍ ഉടക്കി നിന്നാല്‍ വി സിക്ക് തട്ടു കിട്ടുമോ എന്ന ഭയം പി ബിക്കുണ്ട്. അതിനവര്‍ ഇട കൊടുക്കില്ല. അതുകൊണ്ടാണ് കേന്ദ്ര ഇടപെടല്‍ സി പി എം ആഗ്രഹിക്കുന്നത്.
ഗവര്‍ണറുമായി ഉടക്കി ഭരണം നടത്തുന്നതിലെ ബുദ്ധിമുട്ട് മുഖ്യമന്ത്രിക്ക് അറിയാം. അതിനാല്‍ വിവാദം കോംപ്ലിമെന്റാക്കണമെന്ന താത്പര്യം തന്നെയാണ് അദ്ദേഹത്തിനുമുള്ളത്.
https://www.facebook.com/Malayalivartha