സഹോദരിയുടെ വിവാഹം കേങ്കേമമാക്കാൻ ഓടി നടന്നു, കല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ സഹോദരന്റെ അപകട മരണം, അയല്‍ക്കാരുമായി വലിയ സൗഹൃദത്തിനുടമയായിരുന്ന ദര്‍ശന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ വീട്ടുകാരും നാട്ടുകാരും

സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അപകടത്തില്‍ മരിച്ച ആര്യനാട് കൊക്കോട്ടേല ദീപത്തില്‍ ഡി.എം. ദര്‍ശന്റെ (19) വിയോഗത്തിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും. അപകടത്തില്‍ ദര്‍ശന് ഗുരുതരമായി പരിക്കേറ്റ കാര്യം അറിഞ്ഞതോടെ ഒരു ഗ്രാമമാകെ പ്രാര്‍ത്ഥനയിലായിരുന്നു.
ഇത് വിഫലമാക്കിയാണ് വിധി വില്ലനായെത്തിയത്. സുഹൃത്തുക്കളോടും അയല്‍ക്കാരുമായും വലിയ സൗഹൃദത്തിനുടമയായിരുന്ന ദര്‍ശന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ഇനിയും കൊക്കോട്ടേല നിവാസികള്‍ക്കായിട്ടില്ല.
ഡിസംബര്‍ 27ന് വെള്ളനാട് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ സഹോദരി ദീപ്തി മോഹന്റെ വിവാഹം നടക്കാനിരിക്കെയാണ് കാട്ടാക്കട പൊട്ടന്‍കാവിലുണ്ടായ അപകടം ദര്‍ശനെ കവര്‍ന്നെടുത്തത്. കാട്ടാക്കട നെല്ലിക്കാട് സെന്റ്മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ദര്‍ശന്‍.
സുഹൃത്തായ പെരിങ്കടവിള മാമ്പഴക്കര സ്വദേശി ആദര്‍ശിനൊപ്പം (19) യാത്രചെയ്യുമ്പോഴാണ് ബുധനാഴ്ച ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന ലോറിയില്‍ ഇടിച്ചുകയറിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ദര്‍ശനെ രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ ദര്‍ശന്‍ തുടക്കംമുതല്‍ വെന്റിലേറ്ററിലായിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. ആദര്‍ശ് ഇപ്പോഴും ചികിത്സയിലാണ്.
നേരത്തെ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ദര്‍ശന്റെ കുടുംബം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്മ ദീപ ലതയുടെ കൊക്കോട്ടേലയിലെ കുടുംബവീട്ടിന് സമീപം പുതിയ വീട് നിര്‍മ്മിച്ച് താമസമാക്കിയത്.
https://www.facebook.com/Malayalivartha