കരുത്തോടെ മടങ്ങിവരവ്... കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ നിലപാട് ശക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മന്ത്രിക്ക് മറുപടി പറയുകയല്ല തന്റെ ജോലി; പുനര്‍നിയമനം നല്‍കുന്ന ഫയലില്‍ ഒപ്പിട്ടത് പൂര്‍ണമനസോടെയല്ല

ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച പൂര്‍ണ പിന്തുണയോടെ കൂടുതല്‍ കര്‍ശന നിലപാടിലേക്കാണ് ഗവര്‍ണര്‍ പോകുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ ഉന്നതവിദ്യഭ്യാസ മന്ത്രിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഞ്ഞടിച്ചു.
മന്ത്രി ആര്‍. ബിന്ദുവിന് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വി.സിയെ തിരഞ്ഞെടുക്കാനുള്ള അധികാരം. മന്ത്രിക്ക് മറുപടി പറയുകയല്ല തന്റെ ജോലി. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം അറിയില്ല. കോടതിക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുന്ന ഫയലില്‍ ഒപ്പിട്ടത് പൂര്‍ണമനസോടെയല്ല. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്.
ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചത്. ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. വി.സി നിയമന കാര്യത്തില്‍ രാഷ്ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ടു. ചാന്‍സലര്‍ സ്ഥാനം ഒഴിയാനുളള തന്റെ തീരുമാനത്തില്‍ മാറ്റമില്ല. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ മന്ത്രിയ്ക്ക് അധികാരമില്ലെന്ന് സിപിഐയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. രാജിവിഷയത്തില്‍ ഇരുപാര്‍ട്ടികളുടെയും വിവിധ സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നത്. അതേസമയം വിഷയത്തില്‍ ഉത്തരവില്‍ ഒപ്പുവച്ച ഗവര്‍ണര്‍ക്കാണ് ഉത്തരവാദിത്വമെന്നാണ് സിപിഎം വിഷയത്തില്‍ പ്രതികരിച്ചത്.
അതേസമയം ഹൈക്കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി നടപടികളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതില്ല. നിയമനങ്ങളിലെ നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരുമായി ഏറ്റമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥിന്റെ പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചിരുന്നു. പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. പ്രായപരിധി അടക്കമുള്ള വാദങ്ങള്‍ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അമല്‍ റാവലാണ് വിധി പുറപ്പെടുവിച്ചത്. വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
അതേസമയം നിയമനം ചോദ്യം ചെയ്ത് നല്‍കിയ അപ്പീലില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. പ്രത്യേക ദൂതന്‍വഴിയാകും നോട്ടീസ് അയക്കുന്നത്. സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും കോടതി നേരിട്ട് നോട്ടീസ് നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിച്ചത്.
കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരി വച്ചെങ്കിലും, പന്ത് വീണ്ടും ഗവര്‍ണറുടെ കോര്‍ട്ടിലാണ്. പുനര്‍നിയമന ഉത്തരവ് തന്നെ നിര്‍ബന്ധിച്ച് ഇറക്കിച്ചതാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തും, സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനും ആവശ്യപ്പെട്ട് മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്കയച്ച കത്തും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ഇനിയും എത്തിയിട്ടില്ല. നിലവിലെ ഹര്‍ജിക്കാര്‍ക്ക് ഇവ കൂടി ഉള്‍പ്പെടുത്തി, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ റിട്ട് അപ്പീല്‍ നല്‍കാനാവും. അങ്ങനെയെങ്കില്‍ സാഹചര്യം മാറും.
"
https://www.facebook.com/Malayalivartha