ഒന്നു മാറും മുമ്പ് അടുത്തത്... ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു; സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി; യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക്

കോവിഡ് വ്യാപനം കാരണം ലോക രാഷ്ട്രങ്ങള്‍ വളരെ നാളുകളാണ് അടച്ചിട്ടത്. അതിന് തെല്ലൊരു ആശ്വാസം വന്നതിന് പിന്നാലെ കോവിഡ് വകഭേദമായ ഒമിക്രോണും ഭീഷണിയാകുന്നു. ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തിലാണ് വ്യാപനം.
സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാന്‍സും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉള്‍പ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു.
മാസ്‌ക് നിര്‍ബന്ധമാക്കിയതിനു പുറമേ യുകെയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ / കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധമാക്കി. തൊഴില്‍ ആവശ്യാര്‍ഥമല്ലാത്ത കൂടിച്ചേരലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ബൂസ്റ്റര്‍ ഡോസ് വേഗത്തിലാക്കിയതോടെ മുതിര്‍ന്ന പൗരന്‍മാരില്‍ പകുതിയും ബൂസ്റ്റര്‍ സ്വീകരിച്ചതായാണു കണക്ക്.
അതേസമയം ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 131 ആയി. 8 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ 48 ആയി. കര്‍ണാടക 14, കേരളം 11, ഡല്‍ഹി 22 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകള്‍.
സംസ്ഥാനത്ത് ഇന്നലെ 4 പേര്‍ക്ക് കൂടിയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
തിരുവനന്തപുരത്തെ 17 വയസുകാരന്‍ ഡിസംബര്‍ 9ന് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്.
തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44കാരന്‍ ഡിസംബര്‍ 15ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാണ്‍ഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി.
മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha