ടെസ്റ്റ്ഡ്രൈവിനെത്തിയ യുവാക്കൾ ചാവി കൈക്കലാക്കി ബൈക്കുമായി കടന്നു , ഉടമയെ കബളിപ്പിച്ച് കടന്നത് രണ്ടര ലക്ഷം രൂപയുടെ ബൈക്കുമായി, ബൈക്ക് ഓടിച്ചുനോക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളിൽ ഒരാള്‍ ബൈക്ക് ഓടിച്ച് നോക്കവേ കുടെവന്ന യുവാവ് ഉടമ അല്‍പ്പം മാറിയതോടെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ബൈക്കില്‍ കയറി മുങ്ങുകയായിരുന്നു

ഓണ്‍ലൈന്‍ പരസ്യം കണ്ട് ബൈക്ക് വാങ്ങാനെത്തിയ യുവാക്കൾ ഉടമയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപയുടെ ബൈക്കുമായി കടന്നു. ടെസ്റ്റ്ഡ്രൈവിനെന്ന പേരില്‍ ചാവി കൈക്കലാക്കി ബൈക്കുമായി കടന്നു കളയുകയായിരുന്നു. പുതുശേരി കുരുടിക്കാട് ഉദയ നഗറില്‍ സുനില്‍കുമാറിന്റെ ഉടമസ്ഥയിലുള്ള എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്കാണ് ശനിയാഴ്‌ച തന്ത്രപരമായി തട്ടിയെടുത്തത്.
ഓണ്‍ലൈന്‍ പരസ്യം കണ്ട് എറണാകുളത്ത് നിന്നാണെന്ന് പറഞ്ഞാണ് രണ്ടുപേര്‍ സ്‌കൂട്ടറില്‍ പുതുശേരിയില്‍ എത്തിയത്. ബൈക്കിന്റെ പേപ്പറുകള്‍ ഉള്‍പ്പെടെ ഇവര്‍ പരിശോധിച്ചു.
അരമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ബൈക്ക് ഓടിച്ചുനോക്കണമെന്ന് സുനില്‍കുമാറിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഒരാള്‍ ബൈക്കില്‍ കയറി ഓടിച്ചു. മറ്റൊരാള്‍ സുനില്‍കുമാറിനൊപ്പവും നിന്നു. സുനില്‍കുമാര്‍ അല്‍പ്പം മാറിയതോടെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ബൈക്കില്‍ കയറി ഇരുവരും കടന്നുകളഞ്ഞു.
സംശയം തോന്നി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇവര്‍ വന്ന സ്‌കൂട്ടര്‍ ഇവിടെ ഉപേക്ഷിച്ച ശേഷമാണ് ബൈക്കുമായി കടന്നത്. കസബ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഇവര്‍ ഉപേക്ഷിച്ച സ്‌കൂട്ടര്‍ നവംബര്‍ അഞ്ചിന് വയനാട് പനമരത്തുനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. മോഷ്ടിച്ച ബൈക്ക് പാലിയേക്കര ടോള്‍ കടന്നുപോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നു കസബ എസ്‌ഐ എന്‍ എസ് രാജീവ് അറിയിച്ചു.
https://www.facebook.com/Malayalivartha