കേരളത്തെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല;കൈ വെട്ട് കേസ് അഭിമന്യു, സഞ്ജിത്ത്; ചോര പുഴ ഒഴുക്കിഎസ്.ഡി.പി.ഐയുടെ വളർച്ച ഇങ്ങനെ

കേരളത്തെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല. 24 മണിക്കൂറിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകൾ. കഴിഞ്ഞ കുറച്ച് കാലമായി തുടരെ തുടരെ ഉണ്ടാകുന്ന കൊലപാതങ്ങളിൽ പ്രതിസ്ഥാനത്ത് എസ്.ഡി.പിഐ ഉണ്ട്. അധ്യാപകന്റെ കൈ വെട്ട് കേസ് മുതൽ അഭിമന്യു, സഞ്ജിത്ത് തുടങ്ങി രാഷ്ട്രീയത്തിന്റെ മറവിൽ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ ഇവരുടെ ആക്രമണങ്ങളിൽ രക്ത സാക്ഷികൾ നിരവധി. തീവ്ര ആശയങ്ങൾ വച്ച് പുലർത്തുന്ന സംഘടന രൂപീകൃതമായിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ എങ്കിലും ഇക്കാലയളവിൽ ഇവർ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും കണക്കുകൾ ഞെട്ടിക്കുന്നതാണ്.
ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത്, മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യു തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് എസ്.ഡി.പി.ഐയുടെ കൊലക്കത്തിക്ക് ഇരയായവരിൽ. പാലക്കാട് ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിനെ ഭാര്യയുടെ കണ്മുന്നിലിട്ടാണ് ക്രൂരമായി രാഷ്ട്രീയ ഗുണ്ടകൾ കൊലപ്പെടുത്തിയത്. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിസഥാനത്ത് ഉള്ളത് ക്യാമ്പസ് ഫ്രണ്ട് എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയാണ്.
എന്നാല്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ക്യാമ്പസ് ഫ്രണ്ട് പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ടിനെ പരസ്യമായി തള്ളിപ്പറയുകയും കൊലപാതകത്തെ അപലപിക്കുകയുമാണ് ചെയ്തത്.സംഘപരിവാര്‍ സംഘടനകളെ കടന്നാക്രമിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു വരുന്ന എസ്ഡിപിഐ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാതൃകയാക്കുന്നതും ഇത്തരം സംഘടനകളെ തന്നെയാണ്. വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിട്ടുണ്ട്.
ഫാസിസത്തെ തടയുക, സാമ്രാജ്യത്വ നിലപാടുകളെ പ്രതിരോധിക്കുക എന്ന് മുദ്രവാക്യമുയര്‍ത്തി 2009 നവംബര്‍ 7-നാണ് ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടന രൂപീകരിക്കപ്പെടുന്നത്. നാഷണല്‍ ഡെമോക്രറ്റിക്ക് ഫ്രണ്ട് (എന്‍ഡിഎഫ്) എന്ന സംഘടനയുടെയും നിരോധിക്കപ്പെട്ട സിമിയുടെയും പ്രവര്‍ത്തകര്‍ പിന്നീട് രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ടിലേക്കും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിലേക്കും ചേക്കേറുകയായിരുന്നു. 1993-ല്‍ രൂപീകരിച്ച എന്‍ഡിഎഫ് 2006-ല്‍ പോപ്പുലര്‍ ഫ്രണ്ട് ആയി മാറുകയും പിന്നീട് കര്‍ണാടകത്തിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ് നാട്ടിലെ മനിത നീതി പസാരയ്, ഗോവയിലെ സിറ്റിസണ്‍ ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റി, ബംഗാളിലെ നാഗ്രിക്ക് അധികാര്‍ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോംഗ് സോഷ്യല്‍ ഫോറം, ആന്ധ്രയിലെ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ കൂടി ലയിച്ച് അടിത്തറ വിപുലമാക്കുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് 2009-ല്‍ രൂപീകരിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന എസ്ഡിപിഐ.വൈകാരിക വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു ക്യാമ്പസ് ഫ്രണ്ടും എസ്.ഡി.പി.ഐയും പലപ്പോഴും ഇടപെടലുകള്‍ നടത്തിയിരുന്നത്. 2016ല്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ച സിബിഎസ്‌സി നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമൂല എന്ന ജാതി പീഡനത്തിന് വിധേയനായി ആത്മഹത്യചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ രാജ്യവ്യാപക പ്രക്ഷോഭത്തിലും ക്യാമ്പസ് ഫ്രണ്ട് സജീവമായിരുന്നു. ഇതിലൂടെ ദലിത് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇറങ്ങാനുള്ള വഴിയും സംഘടന കണ്ടെത്തി. ദേശീയ തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടം പിടിക്കുമ്പോള്‍ അക്രമ പാതയിലുടെ ക്യാമ്പസുകളില്‍ സ്വാധീനം ഉറപ്പിക്കാനായിരുന്നു സംഘടനയുടെ കേരളത്തിലെ ശ്രമം. മതപരമായി തന്നെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് ഇവര്‍ കേരളത്തില്‍ പയറ്റുന്നതെന്നും വിദ്യാര്‍ഥി സംഘടനാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, പ്രവാചകനെ അപമാനിച്ചെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ പ്രഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടല്‍, വാഗമണ്‍ സിമി ക്യാംപ് തുടങ്ങി നിരവധി സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും 2012 ജൂലൈ 6ന് കണ്ണുരിലെ മോഡേണ്‍ ഐടിഐയിലെ വിദ്യാര്‍ഥിയും എബിവിപി നേതാവുമായിരുന്ന സച്ചിന്‍ ഗോപാല്‍ എന്ന വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തിലാണ് ക്യാമ്പസ് ഫ്രണ്ട് ആദ്യമായി ഒരു കൊലപാതകക്കേസില്‍ ഇടം പിടിക്കുന്നത്. കണ്ണൂര്‍ പള്ളിക്കുന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനിടെയാണ് സച്ചിന്‍ ഗോപാലിനെ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വകവരുത്തിയത്.
ക്യാമ്പസ് ഫ്രണ്ട് രൂപീകരിക്കുന്നതിന് ഒരുമാസം മുന്‍പ് 2009 ഒക്ടോബര്‍ 23ന് കുന്നംകുളം കരിക്കാട് കോട്ടോലില്‍ സിപിഎം അംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന എ ബി ബിജേഷ് എന്ന യുവാവ് എന്‍ഡിഎഫുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീസ് ആറു വര്‍ഷത്തിനു ശേഷമാണ് അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ അരുംകൊലയിലൂടെ സംഘടന ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം വരെ നിരവധി അക്രമ സംഭവങ്ങളിലാണ് എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വന്നിട്ടുള്ളത്.
ഈ സംഭവങ്ങൾക്ക് പിന്നാലെ പതിവ് പോലെ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ രംഗത്ത് എത്തി. പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും, താലിബാൻ മാതൃകയിൽ ആയുധ പരിശീലനം നടത്തുന്നുവെന്നും ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിന് സി പി എം- പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടു. ഒരു നടപടിയുമില്ലെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.പോപ്പുലർ ഫ്രണ്ട് പൊതു വിപത്താണ്. കേരളം മുഴുവൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധ പരിശീലനം നടത്തുന്നു. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണ്. പോപ്പുലർ ഫ്രണ്ടിനെ നേരിടാനുള്ള ഒരു രാഷ്ട്രീയ മനസ് കേരളത്തിലില്ല. സിപിഎം സർക്കാർ അവരെ സഹായിക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ടീയ സഹായമാണ് പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ചുമതലയുള്ള ഒരു ഭരണ തലവൻ രണ്ടു ജീവനുകൾ പോയി കഴിഞ്ഞ് കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കും എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ജനങ്ങൾക്ക് സംരക്ഷണം നല്കാൻ കഴിവില്ലെങ്കിൽ ജനങളുടെ വോട്ട് വാങ്ങി ജയിച്ച് ഭരണ തലപ്പത്ത് എന്തിനാണ് അങ്ങനെ ഇങ്ങനെ രാജാവിനെ പോലെ ഇരിക്കുന്നതെന്ന് പൊതുജനം ചോദിച്ച് പോയാൽ അവരാകും രാജ്യദ്രോഹികൾ.
ചുരുക്കി പറഞ്ഞാൽ കേരളം താലിബാനേക്കാൾ ഭീകരമായ സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. തീവ്ര രാഷ്ട്രീയതയ്ക്കും മതമൗലിക വാദങ്ങൾക്കും വളക്കൂറുള്ള മണ്ണായി കേരളം മാറുന്നത് അതീവ ഭീതി ജനകമാണ്. ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ ചോരക്കളമാക്കുന്നു. മതസൗഹാർദ്ദത്തിലും സാക്ഷരതയിലും ഒക്കെ മുന്നിലെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നുമൊക്കെയുള്ള കേരളത്തിന്റെ വിശേഷണങ്ങൾ വെറും അതിശയോക്തിയെന്ന് വരും തലമുറ പറയുന്ന കാലം വിദൂരമല്ല. ഇടതടവില്ലാതെ ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അതിന്റെ സൂചന തന്നെയാണ്. പരസ്പരം വെട്ടിയും കുത്തിയും ഏത് വിധേനയും അധികാരം കയ്യാളാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സാധാരണക്കാരായ ജനങ്ങൾ നട്ടം തിരിയുന്ന കാഴ്ച. രാഷ്ട്രീയ പകയുടെ പേരിൽ ഒരു ജീവൻ എടുക്കുമ്പോൾ എന്താണ് തങ്ങൾക്കുള്ള നേട്ടമെന്ന് നേതാക്കളുടെ വാക്ക് കേട്ട് വെട്ടാനും കുത്താനും ചാകാനും ഇറങ്ങുന്ന ഇന്നത്തെ തലമുറ ഓർക്കാത്തതാണ് മറ്റെന്തിലും അതിശയം.
സമാനതകളില്ലാത്ത ക്രൂരതയുടെ വാർത്തകളാണ് കേരളത്തിലെ ജനങ്ങൾക്ക് ഓരോ ദിവസവും കേൾക്കേണ്ടി വരുന്നത്. തീവ്രവാദികളേക്കാൾ ക്രൂരമായാണ് രാഷ്ട്രീയ പാർട്ടികൾ എതിരാളികളെ ഇല്ലാതാക്കുന്നത്. ഭരണ സംവിധാനങ്ങളോ നിയമ വ്യവസ്ഥയോ കാര്യക്ഷമമായിരുന്നെങ്കിൽ ഇത്തരത്തിൽ നിർബാധം കൊലപാതകങ്ങളും അരാജകത്വവും സൃഷ്ട്ടിക്കാൻ അക്രമികൾക്ക് ധൈര്യം ഉണ്ടാകുമോ എന്നുള്ള വലിയ ചോദ്യം ബാക്കി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു ജീവനുകളാണ് രാഷ്ട്രീയ പകയുടെ പേരിൽ പൊലിഞ്ഞത്. അനാഥമാകുന്ന കുടുംബങ്ങൾ,കുഞ്ഞുങ്ങൾ,ഭാര്യമാർ, അമ്മമാർ അങ്ങനെ എത്ര ജന്മങ്ങൾ.
പരസ്പരം പഴി ചാരിയും കൊലപാതകങ്ങളുടെ ഉത്തരവാദിത്വങ്ങൾ എതിർ പാർട്ടിക്കാരുടെ തലയിൽ വച്ച് കെട്ടിയും ഉഗ്ര പ്രസംഗം നടത്തി നേതാക്കൾ കയ്യടി വാങ്ങുമ്പോൾ യഥാർത്ഥത്തിൽ ആരാണ് ജയിക്കുന്നത്. കള്ളും കഞ്ചാവും നൽകി തീവ്ര മത ചിന്തകളും രാഷ്ട്രീയ വാദങ്ങളും തലച്ചോറിൽ കുത്തി നിറച്ച് ചോര കണ്ട് അറപ്പ് മാറിയ എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ ഗുണ്ടകളെ എന്തിനു വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ സൃഷ്ടിക്കുന്നത് എന്ന് ചിന്തിക്കാൻ യുവ തലമുറ തയ്യാറായില്ലെങ്കിൽ സമത്വ സുന്ദര കേരളം ഒരു സ്വപ്നം മാത്രമായി അവസാനിക്കുന്ന ദയനീയ കാഴ്ച കാണേണ്ടി വരും.
https://www.facebook.com/Malayalivartha