ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകം... ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടും

ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി ഭാഗങ്ങളിലുള്ളവരാണ്. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 11 പേര്‍ കസ്റ്റഡിയിലുണ്ട്.
ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് പോലീസ് പരിശോധിച്ചു. ഈ ആംബുലന്‍സ് ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ കണ്ടതായി പറയപ്പെടുന്നു. ഷാനിന്റെ മരണം അറിഞ്ഞ ശേഷം വന്നതാണ് എന്നാണ് ആംബുലന്‍സിലുള്ളവര്‍ പോലീസിനോട് പറഞ്ഞതത്രെ. എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉപയോഗിക്കുന്ന ആംബുലന്‍സ് ആണിതെന്ന് പോലീസ് പറഞ്ഞു.
അക്രമികള്‍ എത്തിയത് ഈ ആംബുലന്‍സില്‍ തന്നെയാണോ എന്ന് വ്യക്തമാകാന്‍ സിസിടിവി പരിശോധിച്ചുവരികയാണ്. ജില്ലയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സേനയെ വിന്യസിക്കാനും തീരുമാനിച്ചു. എസ്ഡിപിഐ നേതാവ് കെഎസ് ഷാന് നേരെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രണം. ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെതിരെ ആക്രമണമുണ്ടായത്.
വീട്ടില്‍ കയറിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് മൃതദേഹം. ഷാനിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് രഞ്ജിത് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഷാനിനെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha