അക്രമത്തിന്റെ പേരിലുള്ള പകരം വീട്ടലിനെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല...അത് മറ്റൊരു കുടുംബത്തെക്കൂടി അനാഥമാക്കുകയേ ഉള്ളു; കുടുംബത്തിന്റെ അത്താണിയെയാണ് അക്രമികള്‍ ഇല്ലാതാക്കിയതെന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാനിന്റെ പിതാവ് എച്ച്.സലീം

മണ്ണഞ്ചേരിയില്‍ വച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന എസ്ഡിപിഐ നേതാവ് ഷാനെ ആക്രമികള്‍ അപകടത്തില്‍പ്പെടുത്തിയാണ് കൊല നടത്തിയത്. കുടുംബത്തിന്റെ അത്താണിയെയാണ് അക്രമികള്‍ ഇല്ലാതാക്കിയതെന്ന് ഷാനിന്റെ പിതാവ് എച്ച്.സലീം. അക്രമത്തിന്റെ പേരിലുള്ള പകരം വീട്ടലിനെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല. അത് മറ്റൊരു കുടുംബത്തെക്കൂടി അനാഥമാക്കുകയേ ഉള്ളു. മകന്‍ ഒരു അക്രമത്തിനും പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ മൃതദേഹം കബറടക്കി. മണ്ണഞ്ചേരി പൊന്നാട് ജുമ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു കബറടക്കം . കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെ.എസ്. ഷാനിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് തടിച്ചു കൂടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്താനിരുന്ന പോസ്റ്റുമോര്‍ട്ടം കളമശേരിയിലേക്ക് പൊലീസ് മാറ്റി.
തുടര്‍ന്ന് പത്തുമണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇവിടെയും തടിച്ചു കൂടി. രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഒന്നര വരെ നീണ്ടു. അഞ്ചു മണിയോടെ മൃതദേഹം ആലപ്പുഴ മണ്ണഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അല്‍പസമയത്തിനുശേഷം പൊതു ദര്‍ശന വേദിയിലേക്ക് മാറ്റി. വന്‍ ജനാവലി ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പൊന്നാട് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി.
സ്‌കൂട്ടറില് വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ മണ്ണഞ്ചേരിയില്‍ വച്ച് പിന്നില്‌നിന്നു കാറിടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha