എന്റെ കഴുത്തില്‍ കത്തിവച്ചു... അമ്പലത്തില്‍ പോയി രണ്‍ജീതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തിയപ്പോള്‍ രണ്‍ജീതിന്റെ അമ്മ കണ്ട കാഴ്ച ഭീകരം; സമാധാനമായി കിടന്നുറങ്ങിയ മകനെ തുണ്ടം തുണ്ടം വെട്ടി നുറുക്കി; മകള്‍ക്കു നേരെയും വാള്‍വീശി; ഹൃദയം തകര്‍ന്ന കാഴ്ചകള്‍

ഒരു കൊലപാതകത്തേയും ന്യായീകരിക്കാന്‍ പറ്റില്ല. ഇന്നലെ രണ്ട് മനുഷ്യ ജീവനുകളാണ് പ്രതികാര പകയില്‍ തകര്‍ന്നടിഞ്ഞത്. ഒരറ്ററ്റ് എസ്ഡിപിഐയുടെ നേതാവും മററ്റത്ത് ഒബിസി മോര്‍ച്ച നേതാവും കൊലക്കത്തിക്ക് ഇരയായി. രണ്ട് കുടുംബമാണ് അനാഥമായത്. ഒബിസി മോര്‍ച്ച നേതാവ് രണ്‍ജീതിന്റെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. അവര്‍ ജന്മ ജന്മാന്തരം ആ ഭികര കാഴ്ച മറക്കില്ല.
വളരെ ഹൃദയം തകര്‍ന്നാണ് രണ്‍ജീത്തിന്റെ അമ്മ ഈ സംഭവം വിവരിക്കുന്നത്. രാവിലെ ഞാന്‍ അമ്പലത്തില്‍ പോയി രണ്‍ജീതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി വീടിനു മുന്നിലെ പടിക്കെട്ടിലൂടെ മുകളിലെ നിലയിലേക്കു കയറുന്നതിനിടയിലാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേയ്ക്കു കയറുന്ന ശബ്ദം കേട്ടു ശ്രദ്ധിച്ചത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കയ്യില്‍.
വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു. ആ ശബ്ദം കേട്ടാണ് രണ്‍ജീത് കിടപ്പുമുറിയില്‍ നിന്നു ഡൈനിങ് ഹാളിലേക്കു വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. നിലവിളിച്ചുകൊണ്ട് തടയാന്‍ ഓടിയെത്തിയ എന്നെ തള്ളി താഴെയിട്ടു.
ഇതിനിടയില്‍ രണ്‍ജീതിന്റെ ഭാര്യ ലിഷ അടുക്കളയില്‍ നിന്ന് ഓടിയെത്തി. അവളെയും തള്ളി താഴെയിട്ടു. ഇളയ മകള്‍ ഹൃദ്യ 'അച്ഛാ' എന്നു വിളിച്ച് മുന്നോട്ടാഞ്ഞപ്പോള്‍ ഗുണ്ടകള്‍ അവളുടെ നേരെ വാള്‍ വീശി. പേടിച്ചുപോയ കുഞ്ഞ് ഉടനെ മുറിയിലേക്കു മാറി. താഴെ വീണ എന്റെ മുഖത്തു കസേരകൊണ്ട് അമര്‍ത്തിവച്ച്, കത്തിയെടുത്ത് കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തള്ളി മാറ്റാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവര്‍ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ് പിടയുകയായിരുന്നു...
എന്റെ മോന്‍ ആര്‍ക്കും ദോഷമായി സംസാരിക്കുക പോലുമില്ല... പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊലചെയ്തത്... ആരോഗ്യ വകുപ്പ് മുന്‍ സൂപ്രണ്ടായ വിനോദിനി (71) ദുഃഖവും ഭീതിയും താങ്ങാനാകാതെ തലയ്ക്കടിച്ചു കരയുകയായിരുന്നു.
ശബരിമലയില്‍ പോയിവന്ന ഇളയ മകന്‍ അഭിജിത്ത് മുകള്‍നിലയില്‍ ഉറക്കമായിരുന്നു. അവനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാല്‍ കേട്ടില്ല. അവന്‍ ഓടി വന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രാവിലെ 6.15ന് മൂത്തമകള്‍ ഭാഗ്യ ട്യൂഷന്‍ ക്ലാസില്‍ പോയപ്പോള്‍ വാതില്‍ തുറന്നതാണ്. പിന്നീട് വാതിലടച്ചെങ്കിലും പൂട്ടിയിട്ടില്ലായിരുന്നു. വാതില്‍ തള്ളിത്തുറന്നാണു സംഘം അകത്തു കയറിയത് എന്നും വിനോദിനി പറഞ്ഞു.
വീട് തിരിച്ചറിയാന്‍ തലേരാത്രി അജ്ഞാത സംഘം എത്തിയതായും റിപ്പോര്‍ട്ടുണ്ട്. തലേദിവസം രാത്രി പത്തോടെ അപരിചിതരായ 2 പേര്‍ രണ്‍ജീതിന്റെ വീടിനു മുന്നില്‍ ചുറ്റിക്കറങ്ങിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അമ്മ വിനോദിനി അവരെ ചോദ്യം ചെയ്തപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു സംഘം തിരികെ പോയി. സാധാരണ രണ്‍ജീത് പ്രഭാത സവാരിക്കു പോകും. ഇന്നലെ അവധിയായതിനാല്‍ പത്രവായന കഴിഞ്ഞു നടക്കാന്‍ പോകാനിരിക്കുകയായിരുന്നു.
ഉണര്‍ന്നെത്തിയപ്പോള്‍ എല്ലാം കഴിഞ്ഞതായി രണ്‍ജീതിന്റെ സഹോദരന്‍ അഭിജിത്ത് പറഞ്ഞു. അമ്മയുടെ നിലവിളി കേട്ടു ഞാന്‍ താഴെയെത്തുമ്പോള്‍ ഡൈനിങ് ഹാളില്‍ ചേട്ടന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. അയല്‍ക്കാര്‍ എത്തിയെങ്കിലും രക്തം തളംകെട്ടി കിടക്കുന്നതു കണ്ടുനില്‍ക്കാനാകാതെ അവരില്‍ പലരും പിന്‍വലിഞ്ഞു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ആംബുലന്‍സ് എത്തിച്ചത്. എന്നിട്ടും ആരും ഭയന്ന് അടുത്തെത്തിയില്ല.
അവസാനം തെക്കേ വീട്ടിലെ പയ്യന്‍കൂടി ഓടി വന്നാണ് ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയത്. ചേട്ടനെ എടുക്കുമ്പോള്‍ കാലൊക്ക തൂങ്ങി കിടക്കുകയായിരുന്നു... അഭിജിത്ത് പറഞ്ഞു. ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല ഈ കുടുംബത്തെ.
https://www.facebook.com/Malayalivartha