പ്രേമങ്ങള്‍ പൂത്തുലയില്ല... വിവാഹ പ്രായം ഉയര്‍ത്തണോ വേണ്ടയോ എന്ന തര്‍ക്കം നടക്കുന്നതിനിടയ്ക്ക് വ്യത്യസ്ഥ നിലപാടുമായി ബൃന്ദ കാരാട്ട്; ലിംഗ സമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍ നിന്ന് 18 ആയി കുറക്കണമെന്ന്; വ്യക്തി നിയമങ്ങള്‍ ഒറ്റയടിക്ക് ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ബില്‍ ഈ ആഴ്ച പാര്‍ലമെന്റില്‍

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് വലിയ തര്‍ക്കം നടക്കുകയാണ്. എല്ലാ പാര്‍ട്ടിയിലും രണ്ട് അഭിപ്രായമുണ്ട്. വിവാഹ പ്രായം കൂട്ടണമെന്ന് ഒരു കൂട്ടര്‍ ശക്തമായി വാദിക്കുമ്പോള്‍ തന്നെ മറ്റൊരു കൂട്ടര്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.
അതിനിടെ ലിംഗ സമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറയുന്ന. സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് വ്യക്തമാക്കി ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. ഈ പയ്യന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ക്ക് ആര് ചെലവിന് കൊടുക്കുമെന്ന് ബൃന്ദ പറയുന്നില്ല.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുകയാണ്. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാന്‍ മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങള്‍ ഒറ്റയടിക്ക് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബില്‍ 2021'ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലില്‍ ഉള്‍പ്പെടുത്തിയത്.
ഏകീകൃത സിവില്‍ കോഡുമായി ഇതിന് ബന്ധമില്ല. അക്കാര്യം തത്കാലം സര്‍ക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.
പാര്‍ലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്, മിക്കവാറും ബുധനാഴ്ചയായിരിക്കും ബില്‍ അവതരിപ്പിക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടന്‍തന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യില്‍ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത തള്ളാനാവില്ല.
സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം ഉയര്‍ത്തുന്നത് മുസ്‌ലിം വ്യക്തി നിയമത്തിലുള്ള കൈകടത്താലാണെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗും മറ്റ് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ദേശത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബില്‍ കൊണ്ടുവരുമെന്ന സൂചനയില്‍ മുസ്‌ലിം ലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
നിലവില്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിട്ടില്ലെങ്കിലും പെണ്‍കുട്ടി പ്രായമാകുമ്പോള്‍ വിവാഹം ചെയ്തുകൊടുക്കാമെന്നാണ് പറയുന്നത്. എന്നാല്‍, മറ്റു വ്യക്തിനിയമങ്ങളിലും സ്‌പെഷ്യല്‍ മാരേജ് ആക്ടിലും ചുരുങ്ങിയ വിവാഹപ്രായം 18 ആണ്. അവയിലെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹപ്രായം 21 ആക്കുകയാണ് പുതിയ 'ബാല വിവാഹ(ഭേദഗതി)ബില്ലി'ന്റെ ലക്ഷ്യം.
സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954, ബാല വിവാഹ നിരോധന നിയമം2006, ഫോറിന്‍ മാരേജ് ആക്ട്1969, മുസ്‌ലിം വ്യക്തിനിയമം1937, ഹിന്ദു വിവാഹ നിയമം1955, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം1872, പാര്‍സി വിവാഹവും വിവാഹ മോചനവും നിയമം1955, ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട്1956, ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ട്1956 എന്നിവയാണ് ഭേദഗതി ചെയ്യുന്ന നിയമങ്ങള്‍.
അതേസമയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന തീരുമാനം തീര്‍ത്തും തെറ്റാണെന്നാണ് ബൃന്ദ കാരാട്ടിന്റെ വാദം. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. സര്‍ക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കില്‍ പുരുഷന്മാരുടെ കല്യാണ പ്രായം 21ല്‍ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
"
https://www.facebook.com/Malayalivartha