'പ്രസവത്തോടെ അവസാനിക്കുന്ന ജീവിതങ്ങൾ. ഈ സംഗതി പ്രകൃതിയിൽ സ്വയമേ അങ്ങ് നടക്കുന്നതാണെന്നും അത്ര '' റിസ്ക് '' ഉള്ള പണിയല്ലെന്നുമൊക്കെ തോന്നാനും മാത്രം, പോട്ടെ, അത്തരം മരണങ്ങൾ വാർത്തകളാവത്തക്ക വിധം കുറഞ്ഞതിൽ ആധുനിക വൈദ്യശാസ്ത്രത്തിനും സയൻസിനുമുള്ള പങ്ക് നിസ്തുലമാണ്. വാർത്തയിൽ ദുഖമുണ്ട്. ഒഴിവാക്കാൻ ആവുമായിരുന്നല്ലോ എന്ന ദുഖം,...' ഹരീഷ് വാസുദേവ് കുറിക്കുന്നു

യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും അരിഞ്ഞത്. ഇതിനുപിന്നാലെ യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം നടന്നത്. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. യുവതി നിലവില്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇക്കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞുകേട്ടതാണ്. അയാളുടെ ഒരു ബന്ധുവിൻ്റെ പ്രസവം. പ്രസവമടുക്കാറായ സമയത്ത് ചെയ്ത അൾട്രാസൗണ്ട് സ്കാനിൽ എന്തോ സങ്കീർണത കണ്ടതിനെത്തുടർന്ന് ഡോക്ടർ സിസേറിയൻ നിർദേശിച്ചു. എന്നാൽ കൂടെ ഉണ്ടായിരുന്നവർ ആ '' തട്ടിപ്പിന് '' സമ്മതിച്ചില്ല. കാരണം അവരുടെയൊക്കെ പ്രസവം വീട്ടിൽ നടന്നതാണത്രേ..!!! വേറൊരിടത്ത് വായിച്ചത് ഇങ്ങനെയാണ്." സിസേറിയൻ എന്നൊരു വാക്ക് പണ്ട് കേട്ടിട്ടുണ്ടായിരുന്നില്ല. അതേസമയം പ്രസവാനന്ദം എന്നൊരു വാക്ക് പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ അത് കേൾക്കാറെയില്ല " അതെ, കേൾക്കാറില്ല.
പക്ഷേ കൂടെ കേൾക്കാതായ മറ്റ് പലതുമുണ്ട്. തുരുതുരാ ഉണ്ടായിരുന്ന മാതൃ - ശിശു മരണങ്ങൾ. പ്രസവത്തോടെ അവസാനിക്കുന്ന ജീവിതങ്ങൾ. ഈ സംഗതി പ്രകൃതിയിൽ സ്വയമേ അങ്ങ് നടക്കുന്നതാണെന്നും അത്ര '' റിസ്ക് '' ഉള്ള പണിയല്ലെന്നുമൊക്കെ തോന്നാനും മാത്രം, പോട്ടെ, അത്തരം മരണങ്ങൾ വാർത്തകളാവത്തക്ക വിധം കുറഞ്ഞതിൽ ആധുനിക വൈദ്യശാസ്ത്രത്തിനും സയൻസിനുമുള്ള പങ്ക് നിസ്തുലമാണ്.
ഈ വാർത്തയിലെ സംഭവം നടന്നത് കേരളത്തിലല്ലെങ്കിലും ഇവിടെയുമുണ്ട് പ്രസവം ആനന്ദമാണെന്നും
ആശുപത്രിയും ഡോക്ടറുമൊന്നും ആ കാര്യത്തിൽ ഇടപെടേണ്ടെന്നും വാദിക്കുന്നവർ. ഒരു സംഭവം ഓർമ വരുന്നു. ലിസ്ബിയുടെ പ്രസവത്തിന് ഏഴാം മാസമായപ്പോൾ വീട്ടുകാരും നാട്ടുകാരുമൊക്കെ ചോദിച്ചു. പെണ്ണിനെ വീട്ടിൽ കൊണ്ടുചെന്ന് ആക്കുന്നില്ലേയെന്ന്? രണ്ടാമത്തെ കാര്യം കുഞ്ഞിനു ഡ്രസ് വാങ്ങുന്നതിനെക്കുറിച്ചായിരുന്നു.ജനിക്കാൻ പോകുന്ന കുഞ്ഞിനു ഡ്രസ് വാങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞ് ജനിക്കുന്നതിനു മുൻപ് ഒന്നും വാങ്ങാൻ പാടില്ലെന്നായിരുന്നു ഉപദേശം.. കുഞ്ഞിന് ദോഷമാണത്രേ... കുഞ്ഞ് ഉണ്ടായെന്ന് കേൾക്കുമ്പൊഴേ അച്ഛൻ ഓടിച്ചെന്ന് ആശുപത്രിക്ക് മുന്നിലെ കടയിൽ നിന്ന് ഒരു തുണി വാങ്ങിക്കൊണ്ട് വന്ന് ഇടീക്കുന്നതായിരുന്നത്രേ അന്നത്തെ രീതി.. അത് പിന്തുടരാൻ നിന്നില്ല.. പക്ഷേ ചുമ്മാ ഒന്ന് ആലോചിച്ചു.. എന്തുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞതെന്ന്.
തോന്നിയത് ഇങ്ങനെയാണ്. പഴയ കണക്കുകളൊക്കെ എടുത്ത് നോക്കിയാലറിയാം. പ്രസവം എത്ര അപകടം പിടിച്ച പരിപാടിയായിരുന്നെന്ന്. 1990ൽ മാതൃമരണനിരക്ക് 556 ആയിരുന്നു. അതിപ്പൊ കുറഞ്ഞ് കുറഞ്ഞ് നൂറിനടുത്തെത്തി ഇന്ത്യയിൽ...കേരളത്തിലേത് അവിടെനിന്നും താഴ്ന്നു. നവജാതശിശുമരണനിരക്കും അതുപോലെതന്നെയാണ്... 1950 കളിൽ 100 ന് മുകളിലായിരുന്നത് ഇവിടെ നമ്മൾ ഒറ്റയക്കത്തിലേക്ക് എത്തിനിൽക്കുന്നതിൻ്റെ ആഘോഷങ്ങൾ നടന്നിരുന്നുവല്ലോ. അന്നത്തെ ദാരിദ്ര്യത്തിനു ജീവിക്കുമെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന് ഉടുപ്പ് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് മാത്രമല്ല അതൊരു തീരാദുഖവുമാകും... ദോഷമുണ്ടാവാൻ ഉടുപ്പ് വാങ്ങേണ്ട ആവശ്യമില്ലായിരുന്നെന്ന് സാരം..
അതുപോലെതന്നെയാണ് അമ്മയുടെ കാര്യവും... പ്രസവത്തിലുണ്ടാവാനിടയുള്ള സങ്കീർണതകൾ കണ്ടെത്താൻ അൾട്രാസൗണ്ടെന്ന് പറയുന്ന '' മരുന്ന് മാഫിയയുടെ തട്ടിപ്പ് " അന്ന് വ്യാപകമായിട്ടില്ലല്ലോ..ആദ്യത്തെ പ്രസവമൊന്ന് നടന്നുകിട്ടിയാൽ പറയാം കിട്ടിയെന്ന്.... ങാ, കേൾക്കാതായത് ഇനിയൊന്നൂടിയുണ്ട്. നിയോനേറ്റൽ ടെറ്റനസ് എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല. പ്രസവശേഷം ദിവസങ്ങൾക്കുള്ളിൽ വില്ലുപോലെ വളഞ്ഞുനിൽക്കുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ? മരിച്ച് പോകുന്നതിനു മുൻപ്? കണ്ടിട്ടുണ്ടാകില്ല. ഞാനും കണ്ടിട്ടില്ല, കേട്ടും വായിച്ചുമുള്ള അറിവ് മാത്രം. ടെറ്റനസിനെതിരായ കുത്തിവയ്പ് രണ്ട് ബൂസ്റ്റർ ഡോസ് അമ്മമാർക്ക് ലഭിക്കുന്നതിലൂടെയും യൂണിവേഴ്സൽ ഇമ്യൂണൈസേഷനിലൂടെയും പ്രസവസമയത്തെ വൃത്തി യിലൂടെയും ഇല്ലായ്മ ചെയ്ത അസുഖം
വൃത്തി ഇങ്ങനെയാണ്.
1. Clean hands - അണുവിമുക്തമായ കൈകൾ
2. Clean delivery surface - വൃത്തിയുള്ള പ്രസവസ്ഥലം
3. Clean cord care - പൊക്കിൾക്കൊടിയുടെ പരിചരണം
4. Clean blade for cutting cord - അണുവിമുക്തമായ പൊക്കിൾക്കൊടി മുറിക്കാനുള്ള ഉപകരണം
5. Clean cord tie and no application on cord stump - പൊക്കിൾക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാൻ പാടില്ല.
ഡോക്റ്ററെ കണ്ടില്ലെങ്കിലെന്താ, ഫോളിക് ആസിഡ് കഴിച്ചില്ലെങ്കിലെന്താ, പരിശോധന നടത്തിയില്ലെങ്കിലെന്താ കുഴപ്പമെന്നൊക്കെ ചോദിക്കുന്നവർക്ക് കൃത്യമായ മറുപടികളുണ്ട്. ഗർഭകാലവും പ്രസവവും വെറുതെയങ്ങ് കഴിഞ്ഞുപോവുന്ന ഒന്നല്ല. കൃത്യമായ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ഒന്നുതന്നെയാണ്. ഗർഭാവസ്ഥയിലുണ്ടാവുന്ന, പ്രസവസമയത്ത് ഉണ്ടാകാവുന്ന സങ്കീർണതകൾ മുൻപേ കണ്ടെത്തി അതനുസരിച്ച് തീരുമാനമെടുത്താൽ, അങ്ങനെ കൃത്യമായ പരിചരണം നൽകിയാണ് നമ്മൾ ഇന്നുള്ള അവസ്ഥയിലെത്തിയത്. വാർത്തയിൽ ദുഖമുണ്ട്. ഒഴിവാക്കാൻ ആവുമായിരുന്നല്ലോ എന്ന ദുഖം,
https://www.facebook.com/Malayalivartha