2022 ൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു താഴും; കാരണങ്ങൾ ഇതൊക്കെയാണ്; ഒറ്റയടിക്ക് പവന് 320 രൂപ കുറഞ്ഞു; സ്വർണ്ണം വാങ്ങാൻ അല്പം കാത്തിരിക്കാം

കാലം എത്ര മാറിയാലും മഞ്ഞ ലോഹത്തോടുള്ള മലയാളിയുടെ പ്രിയത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്വർണ്ണ വിപണയിൽ ഉണ്ടാകുന്ന ഓരോ വ്യതിയാനങ്ങളും നമ്മെ സ്വാധീനിക്കാറുണ്ട്. ഇപ്പോഴിതാ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2022 ൽ സ്വർണ്ണ വില കുത്തനെ ഇടിയുമെന്നാണ് പ്രവചനം. അതിനു ചില കാരണങ്ങളും വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്. അമേരിക്കയിലെ ഹെഡ്ജ് ഫണ്ടുകൾ സ്വർണ വില താഴുമെന്ന പ്രതീക്ഷയിലാണ്. അവർ അവധി വ്യാപാരത്തിൽ ലോംഗ് കോൺട്രാക്ടുകൾ വിൽക്കുകയും ഷോർട്ട് കോൺട്രാക്ടുകൾ അധികമായി വാങ്ങുകയും ചെയ്തു. നവംബർ 14 വരെ ഉള്ള കണക്കനുസരിച്ച് സ്വർണ അവധി കോൺട്രാക്ടുകളിൽ ലോംഗ് പൊസിഷൻ 3575 കുറച്ചു എന്നാൽ പുതുതായി 13,749 ഷോർട്ട് കോൺട്രാക്ടുകൾ വാങ്ങുകയും ചെയ്തു.
2022 ൽ സ്വർണ്ണ വിലകൾ താഴുമെന്ന പ്രതീക്ഷയിലാണ് മിക്ക മാർക്കറ്റ് ഗവേഷണ സ്ഥാപനങ്ങളും. ഹോളണ്ടിലെ ബാങ്കിങ് സ്ഥാപനമായ എ എം ബി അംറോ സ്വർണ വിപണി 2022 ൽ തകരുമെന്ന പ്രവചനമാണ് നടത്തിയിരുക്കുന്നത്. അടുത്ത വർഷാവസാനത്തോടെ ഔൺസിന് 1500 ഡോളറായി വില ഇടിയുമെന്നും തുടർന്ന് 2023 ഡിസംബറോടെ വില 1300 ഡോളറായി കുറയുമെന്നും എ എം ബി അംറോ പ്രവചിക്കുന്നു. അടുത്ത വർഷം അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്നത് തടയാനായി കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് മൂന്ന് പ്രാവശ്യം പലിശ നിരക്ക് വർധനവ് വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വർണവില ഒരു ഔൺസിന് 1800 ഡോളർ എത്തിയിട്ട് വീണ്ടും 1796 ലേക്ക് കുറഞ്ഞു.
പല കാരണങ്ങളാൽ സ്വർണ്ണ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകാറുണ്ട്. അമേരിക്കൻ പലിശ നിരക്കുകൾ, യു എസ് ഡോളർ മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, അവധി വ്യാപാര വിപണിയിലെ നീക്കങ്ങൾ, സ്വർണ്ണ ഇ ടി എഫ് നിക്ഷേപ ഡിമാൻഡ്, സ്വർണ ആഭരണ ഡിമാൻഡ് തുടങ്ങിയവ. 2021 ൽ ഡോവ് ജോൺസ് ഓഹരി സൂചിക 16 .17 % ഉയർന്നപ്പോൾ, സ്വർണ വില 5.78 ശതമാനം കുറഞ്ഞു, നിഫ്റ്റി 23 % , ബി എസ് സി സെൻസെക്സ് നിക്ഷേപകർക്ക് 21 % ആദായം നൽകി. ഓഹരി വിപണി ഉയരുമ്പോൾ സ്വർണ വില താഴുന്നത് പതിവാണ്. അടുത്ത വർഷം സ്വർണത്തിൽ നിന്ന് നിക്ഷേപകർക്ക് 12 -13 % ആദായം പ്രതീക്ഷിക്കാമെന്നും 16 % വില യിടിയുമെന്നും വ്യത്യസ്ത പ്രവചനങ്ങൾ വന്നിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. കുറച്ച് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,530 രൂപയാണ് വില. കഴിഞ്ഞ നാല് ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,560 രൂപയാണ് വില. ഒരു ഗ്രാമിന് 4,570 രൂപയായിരുന്നു വില. ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഡിസംബര്‍ ഒന്നിന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.
ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളും പലിശ നിരക്കുകളിലെ വര്‍ദ്ധനയും സ്വര്‍ണ വില കുറയാൻ കാരണമായി. ചൊവ്വാഴ്ച സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് ഔൺസിന് 1,790.57 ഡോളറിലെത്തി. അതേസമയം യുഎസ് ഗോൾഡ് ഫ്യൂച്ചര്‍ വ്യാപാരം 0.2 ശതമാനം ഇടിഞ്ഞ് 1,790.60 ഡോളറിലാണ്. നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.
അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു. ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. .ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.
അന്താരാഷ്ട്ര സ്വർണ്ണ വില നിശ്ചയിക്കുന്നത് പേപ്പർ ഗോൾഡ് മാർക്കറ്റാണ്. ഭൌതിക സ്വർണ്ണ മാർക്കറ്റല്ല. കോമെക്സിലും ലണ്ടൻ ഒടിസി മാർക്കറ്റിലും സ്വർണ്ണ വില നിശ്ചയിക്കുന്നതിൽ ഭൌതിക സ്വർണ്ണത്തിനുള്ള വിതരണവും ഡിമാൻഡും ഒരു പങ്കു വഹിക്കുന്നില്ല. മറ്റ് വിപണികളായ ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ച്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, ലോകമെമ്പാടുമുള്ള ഭൌതിക സ്വർണ്ണ വിപണികൾ എന്നിവയെല്ലാം പ്രധാനമായും വില എടുക്കുന്നവരാണ്. അവ ലണ്ടനിലും ന്യൂയോർക്കിലുമുള്ള പേപ്പർ ഗോൾഡ് മാർക്കറ്റുകളുടെ സ്വർണ്ണ വിലകൾ പിന്തുടരുന്നവരാണ്.
ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില കണക്കാക്കിയാണ് സ്വർണ്ണത്തിന് വില നിശ്ചയിക്കുന്നത്. ഒരു ഔൺസ് എന്നാൽ 31.10ഗ്രാം ആണ്. ഔൺസിന് വില നിശ്ചയിക്കുന്നത് ഡോളറിന്റെ മൂല്യത്തിന് അനുസരിച്ചാണ്. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് വ്യത്യാസം വരുമ്പോൾ സ്വർണ്ണത്തിന്റെ വിലയിലും വ്യത്യാസം വരും. സ്വർണ്ണം കൂടുതലായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബാങ്കുകൾ വഴിയാണ് അതുകൊണ്ടുതന്നെ ബാങ്കുകൾക്ക് ഇറക്കുമതി തീരുവയും നൽകേണ്ടി വരും.
ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ആണ് ദിവസേനയുള്ള സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. ഇന്ത്യയിലെ പ്രധാന 10 സ്വർണ വ്യാപാരികളുടെ വിറ്റുവരവിന്റെ ആവറേജ് കണക്കാക്കിയാണ് ദിവസേനയുള്ള സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. മാത്രമല്ല സംസ്ഥാനങ്ങൾക്ക് അതത് സംസ്ഥാനങ്ങളും ടാക്സും ഉൾപ്പെടും.
https://www.facebook.com/Malayalivartha