ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച!! തിരുവാഭരണവും, ശാന്തിക്കാരൻ വീടുപണിക്കുവേണ്ടി വീട് പണിക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയും കവർന്നു: അന്വേഷണം ഊർജ്ജിതം

ചിങ്ങോലി ശ്രീ കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് റുമും കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ദേവിക്ക് ചാര്‍ത്തുന്ന തിരുവാഭരണങ്ങളും പണവും കവര്‍ന്നു. ഏകദേശം അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാകാം മോഷണം നടന്നതെന്ന് പൊലിസ് സംശയം ഉന്നയിക്കുന്നുണ്ട്.
ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഓട് മേഞ്ഞ നാലമ്പലത്തിന്റെ മുകളില്‍ കുടി അകത്ത് കടന്ന് കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ച നെറ്റ് വലപൊക്കിയ ശേഷം നാലമ്ബലത്തിനുള്ളില്‍ പ്രവേശിച്ചു.
ഇവിടെ തിടപ്പള്ളിക്ക് സമീപം തുക്കി ഇട്ടിരുന്ന ശ്രീകോവിലിന്റെ താക്കോല്‍ എടുത്ത് തുറന്ന് ഇവിടെ ദേവിയുടെ ആഭരണങ്ങളും ഉടയാടയും സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പെട്ടിയും ശാന്തിക്കാരന്‍ വീട് പണിക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയടങ്ങുന്ന പൊതിയും എടുത്തു. ശ്രീകോവില്‍ പഴയപടി പൂട്ടി താക്കോല്‍ മറ്റൊരു സ്ഥലത്ത് തുക്കിയ ശേഷം ചുറ്റമ്ബലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കതക് തുറന്ന് പുറത്ത് ഇറങ്ങുകയായിരുന്നു.
ഇതിന് ശേഷമാണ് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ ദേവസ്വം ഓഫീസിന്റെ താഴും കൗണ്ടര്‍ കതകും പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന ദേവിയുടെ തങ്കതിരുമുഖവും നിത്യവും ചാര്‍ത്തുന്ന തിരുവാഭരണവും ഭക്തര്‍ നടയില്‍ വെച്ച മറ്റു സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചത്.
വെളുപ്പിന് 3.30 ഓടെ ക്ഷേത്ര മുറ്റം വൃത്തിയാക്കാനെത്തിയ യശോധരനും ഭാര്യയുമാണ് ദേവസ്വം ഓഫീസ് തുറന്നു കിടക്കുന്നതായികണ്ടത്. ഉടന്‍ തന്നെ ക്ഷേത്രം സെക്രട്ടറിയെ ഇവര്‍ വിവരം അറിയിച്ചു.
പോലീസെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മോഷണത്തിന്റെ വ്യാപ്തി മനസ്സിലായത്. കൂടുതല്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും എത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിങ്ങോലി തെക്ക്-വടക്ക് കരക്കാരുടെ നിയന്ത്രണത്തിലുള്ളതാണ് കാവില്‍പ്പടിക്കല്‍ ക്ഷേത്രം.
https://www.facebook.com/Malayalivartha