ബസ്സില്‍ കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍

ബംഗളൂരുവില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സില്‍ എറണാകുളത്ത് കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലമാണ് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ്സില്‍ നടത്തിയ പരിശോധനക്കിടെ പിടിയിലായത്.
ഹാഷിഷ് വാങ്ങാനായി ഇടപ്പളളിയില്‍ എത്തിയ യുവാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ ആറരയോടെയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സില്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്.
പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്. വിശാഖപട്ടണത്ത് നിന്ന് എത്തിച്ച രണ്ട് കിലോ ഹാഷിഷ് ഇടപ്പളളിയിലുളള ആള്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായ മുഹമ്മദ് അസ്ലം പൊലീസിന് മൊഴി നല്‍കി. ഇതോടെ ഹാഷിഷ് വാങ്ങാനായി എത്തിയ തൃശൂര്‍ സ്വദേശി സ്പ്രിന്റിനെ പൊലീസ് കയ്യോടെ പിടികൂടി.
നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ മുഹമ്മദ് അസ്ലം ലഹരി സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കള്‍ വ്യാപകമായി കൊച്ചിയിലെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha