ഭീതി പടര്‍ത്തി ഒമിക്രോണ്‍... രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 200 കടന്നതോടെ ജാഗ്രതയോടെ രാജ്യം; എത്രയും വേഗം രോഗം നിയന്ത്രിച്ചില്ലെങ്കില്‍ കോവിഡിനെക്കാള്‍ ഭീതിയുണ്ടാക്കും; മൂന്നാം തരംഗത്തിലേക്ക് പോകാതിരിക്കാന്‍ ആദ്യം രാത്രി കര്‍ഫ്യൂ പരിഗണനയില്‍; കരുതലോടെ സംസ്ഥാനവും

രാജ്യം മറ്റൊരു അടച്ചുപൂട്ടലിലേക്ക് പോകാതിരിക്കാന്‍ ഒമിക്രോണില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. വിദേശത്തന്ന് വരുന്നവര്‍ കുറേക്കൂടി ജാഗ്രത പാലിക്കണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന സ്വയം നിരീക്ഷണത്തിലുള്ള പലരും ആള്‍ക്കൂട്ടത്തില്‍ കറങ്ങി നടക്കുകയാണ്. ഇത് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. സമൂഹ വ്യാപനത്തിലേക്കും ഇത് നയിക്കും. ഇത് മുന്നില്‍ കണ്ട് കേന്ദ്രവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
രാത്രി കര്‍ഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശന നടപടികള്‍, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കല്‍ തുടങ്ങിയ നടപടികള്‍ പരിഗണിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും 'യുദ്ധസജ്ജ'മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതില്‍ 77 പേര്‍ രോഗമുക്തി നേടി. തെലങ്കാന (20), കര്‍ണാടക (19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ കൂടുതലാണ്.
യുഎസില്‍ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം ടെക്‌സസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 50 വയസ്സിനു മുകളിലുള്ള പുരുഷനാണ് മരിച്ചത്. വാക്‌സീന്‍ സ്വീകരിച്ചിരുന്നില്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ആളാണ്.
ഒമിക്രോണ്‍ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണു പരിശോധന നിര്‍ബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണു പരിശോധന നടത്തേണ്ടത്. മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. എന്നാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പലരും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഒമിക്രോണ്‍ പ്രതിരോധത്തെ ബാധിക്കും. അതിനാല്‍ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം. ഇവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതാകും നല്ലത്. ഒരു കാരണവശാലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. പെട്ടൊന്നൊരു സ്ഥലത്ത് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
എയര്‍പോര്‍ട്ട് സര്‍വയലന്‍സ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. എയര്‍പോട്ടില്‍ വച്ച് പരിശോധിക്കുന്നവരില്‍ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് കോവിഡ് പോസിറ്റീവാകുന്നത്. അതിനാല്‍ തന്നെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ശക്തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha