നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ് ഇന്ന് പരിഗണിക്കും.... കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായി പ്രതികള്‍ ഹാജരാകണം, തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയിരുന്നു, പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി, പ്രതികള്‍ ചെയ്തത് ഏഴേകാല്‍ വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റം: സഭയിലെ കയ്യാങ്കളിക്ക് പരിരക്ഷയില്ലെന്നും സുപ്രീം കോടതി

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച ഇന്ന് പരിഗണിക്കും.
വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാന്‍ സിജെഎം ആര്‍. രേഖ ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. എല്ലാപ്രതികളും വിചാരണ നേരിടാനും ഉത്തരവിട്ടു.
പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാല്‍ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പോലീസ് റിപ്പോര്‍ട്ടും സാക്ഷിമൊഴികളും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പോലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്.
വിടുതല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ കേസ് ശിക്ഷയില്‍ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തില്‍ തെളിവുകള്‍ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തില്‍ 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ പോലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോര്‍ട്ട് ചാര്‍ജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്.
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിയമസഭാ കൈയ്യാങ്കളി ദ്യശ്യങ്ങള്‍ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ ഡിഫന്‍സ് വാദങ്ങള്‍ തള്ളി കൊണ്ടാണ് കോടതി ഉത്തരവ്. ഇത്തരം വാദങ്ങളെല്ലാം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയങ്ങളാണെന്നും കോടതി വ്യക്തമാക്കി. നേരത്തേ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവ് പുറപ്പെടുവിച്ച മുന്‍ സിജെഎമ്മും നിലവില്‍ പോക്‌സോ കോടതി ജഡ്ജിയുമായ ആര്‍. ജയകൃഷ്ണന്‍ 2020 സെപ്റ്റംബര്‍ 22 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വച്ച് പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം നാശനഷ്ടം വരുത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് ആണ് വിടുതല്‍ ഹര്‍ജിയില്‍ പ്രതികള്‍ വാദിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരായ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസില്‍ കയറിയതെന്നും എം എല്‍ എ മാരായ സുനില്‍ കുമാര്‍ , ബി.സത്യന്‍ , തോമസ് ഐസക്ക് എന്നിവരടക്കം 20 ഓളം എം എല്‍ എ മാരും കയറിയെന്ന് പ്രതികള്‍ വാദിച്ചിരുന്നു. . അന്വേഷണത്തില്‍ പാളീച്ചകളുള്ളതിനാലും തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
തങ്ങള്‍ക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നാണ് കുറ്റവിമുക്തരാക്കല്‍ ഹര്‍ജിയില്‍ പ്രതികള്‍ പറയുന്നത്. തങ്ങള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ല. തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ല. വാച്ച് ആന്റ് വാര്‍ഡും പോലീസുകാരുമായ ഔദ്യോഗിക സാക്ഷികളല്ലാതെ 140 എം എല്‍ എ മാരെയും 21 മന്ത്രിമാരെയും സാക്ഷികളാക്കിയിട്ടില്ല. സി സി റ്റി വി ദൃശ്യങ്ങള്‍ ശരിയായും നിയമ പരമായ രീതിയിലും സാക്ഷ്യപ്പെടുത്തിയിട്ടില്ല.ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 65 ബി പ്രകാരം തൊണ്ടിമുതലായ ദൃശ്യ സിഡികള്‍ ഏത് ഡിവൈസില്‍ നിന്നാണെടുത്തതെന്ന സാക്ഷ്യപത്രം ഫോറന്‍സിക് റിപ്പോര്‍ട്ടിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടില്ല. അതിനാല്‍ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നും പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചത്.
സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയ്യാങ്കളിക്ക് സാമാജികര്‍ക്ക് പരിരക്ഷയില്ലന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ട് ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താന്‍ പ്രതികളോട് ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
അതേ സമയം സര്‍ക്കാര്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നിയമം നിര്‍മിക്കുന്ന ജനപ്രതിനിധികള്‍ ക്രിമിനല്‍ നിയമത്തില്‍ നിന്ന് പരിരക്ഷ അവകാശപ്പെടുന്നത് അവരിലുള്ള വിശ്വാസം നശിപ്പിക്കലാകുമെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ പ്രതികള്‍ക്ക് മറ്റേതൊരു പൗരനെയും പോലെ ക്രിമിനല്‍ നിയമം ബാധകമാണ്. സാമാജികര്‍ക്ക് പ്രത്യേക അവകാശവും പരിരക്ഷയും നല്‍കുന്നത് അവരെ മറ്റുള്ളവര്‍ക്ക് മുകളിലാക്കാനല്ല.
മറിച്ച് സ്വതന്ത്രമായി കടമകള്‍ നിര്‍വഹിക്കാനാണ്. സഭക്കകത്തെ കുറ്റങ്ങള്‍ക്ക് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. സഭയ്ക്കകത്തെ സംഭവങ്ങളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ സഭാ നടപടികളുടെ ഭാഗമല്ല. അതിന് നിയമ പരിരക്ഷയുമില്ല. സാമാജികരുടെ പരിരക്ഷ സംബന്ധിച്ച ഭരണഘടനാ വകുപ്പിനെ തെറ്റായി മനസ്സിലാക്കിയാണ് വിചാരണ പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. സാമാജികര്‍ ക്രിമിനല്‍ നിയമത്തിന് അതീതരാണെന്ന തോന്നലുളവാക്കുന്ന നടപടിയാണിത്.
ബാഹ്യ പ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രോസിക്യൂട്ടര്‍ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സഭയ്ക്കകത്തെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗങ്ങളുടെ നിയമനിര്‍മാണ കര്‍ത്തവ്യമായി കാണാനാകില്ല. ഭരണഘടനാ ഉപാധികളെ ചവിട്ടിമെതിച്ച അംഗങ്ങളുടെ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശത്തിന് കീഴില്‍ വരില്ല. പ്രതിഷേധത്തിന്റെ പേരില്‍ പൊതു - സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് ക്ഷമിക്കേണ്ടതല്ലെന്ന് ഒട്ടേറെ കേസുകളില്‍ സുപ്രീം കോടതിയും പാര്‍ലമെന്റും നിലപാടെടുത്തിട്ടുണ്ട്. പൊതു മുതല്‍ നശിപ്പിപിക്കുന്നത് തടയുന്ന കേന്ദ്ര നിയമത്തിന് ശക്തി പകരാന്‍ 2019 ല്‍ കേരള സര്‍ക്കാരും നിയമം പാസ്സാക്കിയതാണെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ തള്ളിയ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളുടെ വാദം വാദിയായ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചതിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി 2020 ഒക്ടോബര്‍ 27 ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രതികള്‍ ഒക്ടോബര്‍ 28 ന് ഹാജരാകാന്‍ സിജെഎം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തും കീഴ്‌ക്കോടതിയില്‍ ഹാജരാകാന്‍ ഉള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളുകയും ചെയ്തു. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് ഹാജരാകാന്‍ മുന്‍ സി ജെ എം ആര്‍. ജയകൃഷ്ണന്‍ പ്രതികളോടാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി രംഗത്തെത്തിയത്.
2015 മാര്‍ച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎല്‍എ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റര്‍ , മുന്‍ കായിക മന്ത്രിയായ ഇ.പി.ജയരാജന്‍ , സി.കെ.സദാശിവന്‍ , നിലവില്‍ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി , മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീല്‍ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍.
മന്ത്രി ജയരാജനടക്കമുള്ള പ്രതികള്‍ ചെയ്തത് ഏഴേകാല്‍ വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ്. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിന്‍ മേല്‍ 1984 ല്‍ നിലവില്‍ വന്ന പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വര്‍ഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തല്‍) പ്രകാരം 2 വര്‍ഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാര്‍ഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയ്യേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാര്‍ഹരാണ്.
പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വെളിവാക്കുന്ന ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പാളയം ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഇലക്ട്രോണിക് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരുന്ന സെര്‍വ്വറില്‍ നിന്നും ഡാറ്റാകള്‍ കോപ്പി ചെയ്ത ഡി വി ഡികള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആലങ്കാരികമല്ലാതെ പറഞ്ഞാല്‍ നഷ്ടം സംഭവിച്ചത് സര്‍ക്കാരിനല്ല മറിച്ച് പൊതു ഖജനാവിനാണ്. അത് നികുതി ദായകരുടെ പണവുമാണ്. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
2015 മാര്‍ച്ച് 13 ന് രാവിലെ 8.55 മണിക്ക് ബഡ്ജറ്ററി അസംബ്ലി സെഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലും ഇരിപ്പിടത്തിലും അതിക്രമിച്ച് കടന്ന് പൊതുമുതലായ എമര്‍ജന്‍സി ലാമ്പും കംപ്യൂട്ടര്‍ മോണിറ്ററും ഔദ്യോഗിക ചെയറും സ്റ്റാന്റ് ബൈ മൈക്കും ഇലക്ട്രോണിക് പാനലും തച്ചുടച്ചതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. സഭക്കകത്ത് സംസാരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള പ്രിവിലേജ് (പ്രത്യേക അവകാശം) മാത്രമേ സഭാംഗങ്ങള്‍ക്കുള്ളു. എന്നാല്‍ സഭക്കുള്ളില്‍ ചെയ്യുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പ്രിവിലേജ് ഇല്ല. സഭക്കുള്ളില്‍ അക്രമ സംഭവം നടന്നത് സെഷനിലാണ്. ആയത് ഗൗരവമേറിയ കുറ്റമാണ്. നിയമസഭാംഗങ്ങള്‍ക്ക് അവരവര്‍ പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമമായും സ്വതന്ത്രമായും നിര്‍വ്വഹിക്കുന്നതിനാണ് പ്രിവിലേജ് നല്‍കിയിരിക്കുന്നത്. സാമാജികര്‍ പ്രത്യേക കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. നിയമനിര്‍മ്മാണ പ്രക്രിയ നടത്തുന്ന നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങളായതിനാല്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ആയതില്‍ അവര്‍ക്ക് ഉയര്‍ന്ന കടമയുണ്ട്. ഉത്തരവില്‍ സി ജെ എം ചൂണ്ടിക്കാട്ടി. യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയും ബാഹ്യ സ്വാധീനത്തിന് വഴങ്ങിയുമാണ് സര്‍ക്കാര്‍ അഭിഭാഷക പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും ഉത്തരവിന്റെ അവസാന പാരഗ്രാഫില്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പ് വച്ചത്.
പ്രതികള്‍ വിചാരണ നേരിടാന്‍ കോടതി 22 ന് ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതില്‍ സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളിക്കൊണ്ടാണ് പ്രതികള്‍ വിചാരണ നേരിടാന്‍ സി ജെ എം ആര്‍. ജയകൃഷ്ണന്‍ ഉത്തരവിട്ടത്. വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും 2020 ഒക്ടോബര്‍ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.
പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിനും പൊതു നീതിക്കും എതിരാണെന്ന് വിലയിരുത്തിയാണ് ഹര്‍ജി കോടതി തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായി മനസ്സര്‍പ്പിക്കാതെയും ഉത്തമ വിശ്വാസത്തോടു കൂടിയുമല്ല പിന്‍വലിക്കല്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്. കേസ് പിന്‍വലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം ഉണ്ടാക്കിയിരിക്കുന്നത് തന്നെ രാഷ്ട്രീയക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയണമെന്ന ലക്ഷ്യത്തോടെയാണ്. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യവും പൊതു നീതിയും സമാധാനവും എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് വിശദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യാതൊരു ഉത്തമ വിശ്വാസമില്ലാതെയും ബാഹ്യ സ്വാധീനത്തിലുമാണ് സര്‍ക്കാര്‍ അഭിഭാഷക ഹര്‍ജി സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സത്യസന്ധമായും നേരാം വണ്ണവും പൊതു നീതി വഹിച്ചുകൊണ്ടും വേണം ഔദ്യോഗിക കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടത്. രാഷ്ട്രീയ എക്‌സിക്യൂട്ടീവിന്റെ തൊഴിലാളിയായി സ്വയം കണക്കാക്കുകയോ ആരുടെയെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചാലും പൊതു നീതിയുള്‍പ്പെടെയുള്ള നിയമ തത്വങ്ങള്‍ക്കനുസരിച്ചേ പ്രോസിക്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളരുത്. എക്‌സിക്യൂട്ടീവിന്റെ ആജ്ഞക്കള്‍ക്ക് മുമ്പില്‍ കുനിയരുത്.
സര്‍ക്കാര്‍ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സ്വതന്ത്രമായ മനസര്‍പ്പിക്കാതെയുള്ളതാണ് ഹര്‍ജി. കേസ് പിന്‍വലിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ കുറ്റകൃത്യം ചെയ്യാമെന്ന തോന്നല്‍ വികസിപ്പിച്ചെടുക്കാന്‍ പാടില്ല. ഇത്തരം കേസുകള്‍ പിന്‍വലിച്ചാല്‍ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം സാധാരണക്കാരന് നഷ്ടപ്പെടും. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ കളിക്കാനുള്ള ഉപകരണമോ ക്രിമിനല്‍ കോടതി രാഷ്ട്രീയം കളിക്കാനുള്ള കളിസ്ഥലമോ അല്ല. രാഷ്ട്രീയ ഉപകാരം പ്രോസിക്യൂഷനെ പെര്‍സിക്യൂഷനാക്കി മാറ്റാന്‍ പാടില്ലാത്തതും ആയത് കുറ്റക്കാരെ പ്രോസിക്യൂഷനില്‍ നിന്നും പിന്‍വലിച്ചെടുക്കാനോ ഉള്ളതല്ല. രാഷ്ട്രീയ ഭാഗ്യങ്ങള്‍ നിയമ വ്യവസ്ഥയില്‍ പ്രതിഫലിച്ചാല്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും പ്രസക്തി താമസംവിനാ നഷ്ടപ്പെടും. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പതിനഞ്ചോളം വിധിന്യായങ്ങള്‍ ഉത്തരവില്‍ ഉദ്ധരിച്ചാണ് സി ജെ എം ആര്‍. ജയകൃഷ്ണന്‍ സര്‍ക്കാര്‍ ആവശ്യം നിരസിച്ചത്.
2015 മാര്‍ച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎല്‍എ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റര്‍ , മുന്‍ കായിക മന്ത്രിയായ ഇ.പി.ജയരാജന്‍ , സി.കെ.സദാശിവന്‍ , നിലവില്‍ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി , മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീല്‍ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍.
അമൂല്യമായ ജര്‍മന്‍ നിര്‍മ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ നശിപ്പിച്ചതില്‍ വച്ച് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിപ്പിച്ചു. സ്പീക്കറുടെ ചേമ്പറില്‍ ഡയസുള്‍പ്പെടെ മറിച്ചിട്ടു. മുന്‍ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശീകരണം നടന്നത്.
a
https://www.facebook.com/Malayalivartha