വെറുതേ പേടിപ്പിച്ചതാ... കൂടുതല്‍ കളിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുമെന്ന കെപിസിസി അദ്ധ്യക്ഷന്റെ താക്കീതിന് പുല്ലുവില; കേരളത്തെ പുകഴ്ത്തി ശശി തരൂര്‍; കേരള സര്‍ക്കാരിന്റേത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം; യോഗി വരെ ഞെട്ടിപ്പോയി

ശശി തരൂരിനെ പേടിപ്പിച്ച് നിര്‍ത്താമെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടി. എന്ന് മാത്രമല്ല കേരളത്തെയും സര്‍ക്കാരിനേയും പുകഴ്ത്തുകയും ചെയ്തു. മാത്രമല്ല ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം കെ റെയിലില്‍ പിണറായി സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതിന് കെ സുധാകരന്‍ പരസ്യമായി താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെ വീണ്ടും കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് എം പി ശശി തരൂര്‍ രംഗത്തെത്തി. നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. യോഗി ആദിത്യനാഥിനെ പോലുള്ളവര്‍ കേരളത്തിലെ ആരോഗ്യരംഗത്തിന് പുറമേ സംസ്ഥാനത്തെ മികച്ച ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവവും കണ്ടുപഠിച്ചിരുന്നെങ്കില്‍ ഇന്ത്യ എത്ര നന്നായേനെയെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
ശശി തരൂര്‍ കോണ്‍ഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരൂരിന് സുധാകരന്റെ മുന്നറിയിപ്പ് ലഭിച്ചത്. കെ റെയില്‍ വിഷയത്തില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
പണമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പിണറായി സര്‍ക്കാരിനുള്ളത്. അങ്ങനെയല്ലെങ്കില്‍ കെ റെയിലും ജലപാതയുമായി മുന്നോട്ടു പോകില്ല. കേരളത്തില്‍ പൊലീസ് എന്നൊരു സംവിധാനമില്ല. എത്രയോ കൊലപാതകങ്ങള്‍ പൊലീസ് വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്നു. പൊലീസില്‍ ഇന്റലിജന്‍സ് സംവിധാനമില്ലേ? എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ഏത് പൊലീസ് സംവിധാനത്തിനാണ് അല്ലെങ്കില്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് അറിയാത്തതെന്നും സുധാകരന്‍ പറഞ്ഞു. ഇത് സുധാകരന്‍ പറഞ്ഞ് 24 മണിക്കൂറിനകം വീണ്ടും ശശി തരൂര്‍ സര്‍ക്കാരിനെ പുകഴ്ത്തി.
അതേസമയം ശശി തരൂര്‍ കെറെയില്‍ അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കെ റെയില്‍ പ്രായോഗികമല്ലെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് അദ്ദേഹത്തിന് അയച്ച് കൊടുത്തതുമാണ്'. അതിനാല്‍ ഇക്കാര്യത്തില്‍ തരൂര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഐഎമ്മിനെ പരിഹസിച്ച മുരളീധരന്‍ പത്ത് വര്‍ഷം കാലാവധിയുള്ള പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും കേരളത്തില്‍ സിപിഐഎം ജീവിച്ചിരിക്കുമോ എന്ന് തീര്‍ച്ചയില്ലെന്നും പരിഹസിച്ചു. സ്വന്തം പൊലീസിനെ ഗുണ്ടകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത പിണറായിയാണ് കെ. റെയില്‍ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് വീമ്പിളക്കുന്നതെന്നും മുരളീരന്‍ കളിയാക്കി.
എന്തായാലും സുധാകരന്‍ തുടങ്ങിവച്ച അടിക്ക് ശശി തരൂര്‍ കൃത്യമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇനി പാര്‍ട്ടിയില്‍ കാണുമോ ഇല്ലയോ എന്ന് സുധാകരന്‍ പറയും. തന്നെ ഒരു ചുക്കും ചെയ്യാന്‍ സുധാകരന് കഴിയില്ലെന്ന് ശശി തരൂരിനറിയാം. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ചുരുക്കം ബുദ്ധി ജീവികളില്‍ ഒന്നാണ് ശശി തരൂര്‍. അതിനാല്‍ തന്നെ സോണിയാജി തൊട്ടാല്‍ തീര്‍ന്നു.
https://www.facebook.com/Malayalivartha