സ്വര്‍ണക്കള്ളക്കടത്ത് കേസും സ്വപ്നാ സുരേഷും ശിവശങ്കറും വീണ്ടും പിണറായി വിജയന് പാരയായി മാറുന്നു.... സ്വപ്ന അടിച്ചു മാറ്റിയത് ശിവശങ്കര്‍ കൊടുക്കണം

സ്വര്‍ണക്കള്ളക്കടത്ത് കേസും സ്വപ്നാ സുരേഷും ശിവശങ്കറും വീണ്ടും പിണറായി വിജയന് പാരയായി മാറുന്നു. പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്നാ സുരേഷിന് അനധികൃതമായി സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയ കേസില്‍ സ്വപ്ന കൈപ്പറ്റിയ മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഗവ. ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറില്‍ നിന്നും മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ മുന്തിയ ശമ്പളത്തില്‍ അനധികൃത നിയമനം നല്‍കിയതില്‍ ശിവശങ്കരനു പുറമെ കെ.എസ്.ഐ.ടി.എല്‍ എം.ഡി ജയശങ്കര്‍പ്രസാദ്, സ്‌പെയ്സ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്നും ശമ്പളം പിടിക്കാനാണ് ധനകാര്യവകുപ്പിന്റെ നിര്‍ദേശം.
ഒന്നാം പിണറായി സര്‍ക്കാരിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വകാര്യ ഏജന്‍സി വഴി ഗൂഢാലോചന നടത്തി സ്വപ്നാ സുരേഷിന് നിയമനം നല്‍കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സര്‍ക്കാര്‍ നിയോഗിച്ച ധനകാര്യ പരിശോധനാവിഭാഗം സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ തുക തിരിച്ചു പിടിക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നാ നസുരേഷിനെ 2019 ആഗസ്റ്റിലാണ് സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സ്‌പെയ്സ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി സര്‍ക്കാര്‍ നിയമിക്കുന്നത്.
സ്‌പെയ്സ് പാര്‍ക്കില്‍ 21 തസ്തികകളാണ് അന്നു സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ നിര്‍ദേശം മറികടന്ന് 62 പേരെ നിയമിച്ചതില്‍ സ്വപ്ന ഒഴികെയുള്ളവര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ഇവരില്‍ 34 പേര്‍ മാത്രമാണ് മതിയായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുള്ളത്.
ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ നിന്നോ, പരസ്യം നല്‍കി നിയമനാധികാരമുള്ള സ്ഥാപനങ്ങള്‍ മുഖേനയോ അപേക്ഷ ക്ഷണിച്ച് നടത്തേണ്ടതായിരുന്നു ഈ നിയമനങ്ങളെല്ലാം.
സര്‍ക്കാര്‍ നല്‍കിയ കരാര്‍ പ്രകാരം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് തോന്നുംപടി നിയമനങ്ങള്‍ നടത്തിയത്. ഈ സ്ഥാപനത്തില്‍ നിന്നോ അത് സാധ്യമല്ലെങ്കില്‍, ഒത്താശ ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നോ സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കണമെന്നാണ് ധനകാര്യ വിഭാഗം ആവശ്യപ്പെടുന്നത്.
സ്വപ്നയുടെ നിയമനത്തിന് ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്ന് 2020ല്‍ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ഓഫീസിലെ ജീവനക്കാരിയായിരിക്കെ ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് അവകാശപ്പെട്ട് സ്വപ്ന സുരേഷ് സ്പെയ്സ് പാര്‍ക്കിലെത്തി എം.ഡി. ജയശങ്കര്‍ പ്രസാദിനെയും സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷിനെയും കാണുകയായിരുന്നു.
ഇവര്‍ അന്വേഷിച്ചപ്പോള്‍, സ്വപ്നയെ താന്‍ അയച്ചതാണെന്ന് ശിവശങ്കര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്വപ്നയെ സര്‍ക്കാര്‍ സ്വാധീനത്തില്‍ ശിവശങ്കര്‍ നിയമിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.
പിരിച്ചുവിടുന്നതു വരെ സ്വപ്നാ സുരേഷിന് 19.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളമായി നല്‍കിയത്. ഇതില്‍ നികുതി കുറച്ച് 16.5 ലക്ഷം രൂപ തിരികെ പിടിക്കും. ഈ തുകയില്‍ 5.38 ലക്ഷം രൂപ ശിവശങ്കറില്‍ നിന്നു പിടിക്കാനാണ് നിര്‍ദേശം.
മൂവര്‍ സംഘത്തിന്റെ ആസൂത്രിത നീക്കം മൂലമാണു സ്വപ്നയ്ക്കു ജോലി ലഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജയിലാലിയിരുന്ന ശിവശങ്കറും സ്വപ്നയും നിലവില്‍ ജാമ്യത്തിലാണ്. ഇത്രയേറെ അഴിമതികള്‍ക്ക് കൂട്ടുനിന്ന് ശിവശങ്കര്‍ സ്വയം വിരമിച്ച് യുഎഇയില്‍ താമസമാക്കാന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്ന നല്‍കിയ മൊഴിയിലുണ്ട്. സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നു ലഭിച്ച ലാഭത്തുക മുടക്കി ഗള്‍ഫില്‍ ബിസിനസ് നടത്താനായിരുന്നു ശിവശങ്കറിന്റെ നീക്കം. ദൂബായില്‍ തനിക്കുവേണ്ടി മുന്തിയ ഫ്ളാറ്റ് വാങ്ങാന്‍ സ്വപ്നയോട് ശിവശങ്കര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
സ്റ്റാര്‍ട്ടപ് മിഷന്‍ വഴി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനി നിര്‍മിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ നയതന്ത്ര ചാനല്‍ വഴി മധ്യപൂര്‍വദേശത്ത് എത്തിക്കാനും അവിടെ വിതരണം ചെയ്യാനുമായിരുന്നു പദ്ധതി.
https://www.facebook.com/Malayalivartha