എല്ലാ എതിർപ്പുകളോടും ഒറ്റയ്ക്കുനിന്നു പോരാടുന്ന വനിതാ ജനപ്രതിനിധി സാങ്കൽപ്പികം മാത്രമാണ്; ജനപ്രതിനിധിയായശേഷം കുടുംബത്തിലും മാറ്റങ്ങൾ വന്നു. അവരുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെയാണ് തങ്ങളെ പോലുള്ളവർ വിജയിച്ചു കയറിയത്; ജനകീയാസൂത്രണത്തിന്റെ രണ്ടാംവർഷാരംഭത്തിൽ വനിതാ ജനപ്രതിനിധികളുടെ ജില്ലാതല കൺവെൻഷനുകൾ വിളിച്ചുചേർത്ത വിശേഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

പരിശീലന പരിപാടിയുടെ അനുബന്ധമായിട്ടല്ലാതെ അതിന്റെ ഭാഗമായിട്ട് കലാപരിപാടി അപൂർവ്വമാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാംവർഷാരംഭത്തിൽ വനിതാ ജനപ്രതിനിധികളുടെ ജില്ലാതല കൺവെൻഷനുകൾ വിളിച്ചുചേർത്ത വിശേഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പരിശീലന പരിപാടിയുടെ അനുബന്ധമായിട്ടല്ലാതെ അതിന്റെ ഭാഗമായിട്ട് കലാപരിപാടി അപൂർവ്വമാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാംവർഷാരംഭത്തിൽ വനിതാ ജനപ്രതിനിധികളുടെ ജില്ലാതല കൺവെൻഷനുകൾ വിളിച്ചുചേർത്തു.
ഭരണരംഗത്ത് നവാഗതരായ സ്ത്രീകളുടെ അനുഭവങ്ങളുടെ കൂട്ടായ അവലോകനമായിരുന്നു ലക്ഷ്യം. വനിതാ ജനപ്രതിനിധികളുടെ ശാക്തീകരണം വനിതാ ഘടക പദ്ധതിയുടെ മാത്രമല്ല ജനകീയാസൂത്രണത്തിന്റെതന്നെ വിജയത്തിനുള്ള ഉപാധിയായിട്ടാണ് ഞങ്ങൾ കണ്ടത്.
ഈ കൺവെൻഷന്റെ ആമുഖമായി ഞാനും ടി.എൻ. സീമയും സംസാരിച്ചുകഴിഞ്ഞാൽ പിന്നെ സുഭദ്രാ മാധവൻ എന്ന വനിതാ ജനപ്രതിനിധിയെക്കുറിച്ചുള്ള 20 മിനിറ്റ് നീളുന്ന നാടകാവതരണമാണ്. ഇതിനുശേഷമാണ് വനിതാ ജനപ്രതിനിധികൾ നാടകാവതരണവുമായി ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക.
അവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ നാടകത്തിന്റെ സ്ക്രിപ്റ്റിലും ആവശ്യമായ മാറ്റങ്ങൾ ഞങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. നൂതനമായൊരു സംവാദ രീതിയായിരുന്നു ഇത്. നാടകം ആര് തയ്യാറാക്കും? ഐആർറ്റിസിയിലാണ് ആദ്യയോഗം നടന്നത്. തൊട്ടുമുമ്പായിരുന്നു “അടുക്കളയിൽ നിന്ന് അധികാരത്തിലേയ്ക്ക്” എന്ന കലാജാഥ പരിഷത്ത് സംഘടിപ്പിച്ചത്.
അതിന്റെ ക്യാമ്പ് ഡയറക്ടറും മധ്യമേഖലാ ജാഥയുടെ മാനേജരും കെ. രമയായിരുന്നു. അതുകൊണ്ട് പുതിയ നാടകത്തിന്റെ ചുമതലയും അവരെത്തന്നെ ഏൽപ്പിച്ചു. ഇതിനായി കുറച്ചു വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കിലയിൽ വിളിച്ചു ചേർത്തു. പ്രസിഡന്റുമാർ അവരുടെ അനുഭവങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു.
ഒരു മുനിസിപ്പൽ ചെയർപേഴ്സൺ ജീവനക്കാരനെതിരെ നടപടിയെടുത്തതിനെ തുടർന്ന് അവരെക്കുറിച്ച് അപവാദങ്ങൾ നിറച്ച പോസ്റ്ററുകൾ പതിപ്പിച്ച അനുഭവം കണ്ണീരോടെയാണു വിവരിച്ചത്. ഇങ്ങനെ എത്രയോ അനുഭവങ്ങൾ. രമയും ഒരു ചെറുസംഘവുംകൂടി ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റ് ഉണ്ടാക്കാൻ തയ്യാറായി. 2 ദിവസം കഴിഞ്ഞിട്ടും സ്ക്രിപ്റ്റ് തയ്യാറായില്ല.
കരിവള്ളൂർ മുരളിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെയാണ് എന്റെയടുത്തു വന്നത്. മുരളിയെ വിളിച്ച് 2 ദിവസത്തെ ക്യാമ്പ് റെഡിയാക്കി. അതോടെ സ്ക്രിപ്റ്റിന്റെയും നാടകത്തിന്റെയും രൂപവും മാറി. സുഭദ്രാ മാധവന്റെകൂടെ എം.എം. സജീന്ദ്രന്റെ ‘എല്ലാം നിനക്കറിയാം’ കരിവള്ളൂർ മുരളിയുടെ ‘കന്യാഭൂമി’ എന്നിവകൂടി ഉൾപ്പെടുത്താൻ തീരുമാനമായി.
മുൻ പരിഷത്ത് ജാഥകളിലെ കലാകാരികളെ ഉൾപ്പെടുത്തി ടീമും സെറ്റ് ചെയ്തു. കെ. രമ, സുദർശനാഭായി, റ്റി.എൻ. സീമ എന്നിവർ പൂർണ്ണസമയം ജാഥയോടൊപ്പം ഉണ്ടാകും. കൃഷ്ണൻ മാഷായിരുന്നു ജാഥാ മാനേജർ. കാസർഗോഡ് നിന്നായിരുന്നു തുടക്കം. ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഓരോ ദിവസം. ഇടുക്കിയിൽ 2 ദിവസം. 9-ഉം 11-ഉം വയസ്സായ രമയുടെ മക്കൾ അനശ്വരയും ഐശ്വര്യയും ജാഥാ അംഗങ്ങളായിട്ടുണ്ടായിരുന്നു.
അവർക്കൊപ്പം രമയ്ക്കും ഇത് അവിസ്മരണീയമായ ദിനങ്ങളായിരുന്നു. ജനപ്രതിനിധികളുടെ അനുഭവം പങ്കുവയ്ക്കലിനുശേഷം സംശയദൂരീകരണമായിരുന്നു. റ്റി.ജി, സീമ, പികെആർ, അനിയനുണ്ടെങ്കിൽ അദ്ദേഹവുമാണ് മറുപടികൾ പറഞ്ഞിരുന്നത്. ഈ കൺവെൻഷനുകൾ വളരെ ഫലപ്രദമായിരുന്നു.
വന്ന ജനപ്രതിനിധികളിൽ നല്ലൊരുപങ്ക് സുഭദ്രാ മാധവനിൽ തങ്ങളെ കണ്ടു. അത് അനുഭവങ്ങൾ പങ്കുവയ്ക്കൽ എളുപ്പമാക്കി. പക്ഷെ ഒരു വിമർശനം ഉയർന്നു. എല്ലാ എതിർപ്പുകളോടും ഒറ്റയ്ക്കുനിന്നു പോരാടുന്ന വനിതാ ജനപ്രതിനിധി സാങ്കൽപ്പികം മാത്രമാണ്. ജനപ്രതിനിധിയായശേഷം കുടുംബത്തിലും മാറ്റങ്ങൾ വന്നു. അവരുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെയാണ് തങ്ങളെ പോലുള്ളവർ വിജയിച്ചു കയറിയത്. പതുക്കെ പതുക്കെ സുഭദ്രാ മാധവൻ എന്ന കഥാപാത്രത്തിലും ഈ മാറ്റങ്ങൾ പ്രതിഫലിച്ചു.
1987-ലാണ് രമ പരിഷത്തിൽ ചേർന്നത്. പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ് പല യൂണിറ്റുകളിലുമെടുത്തു. മറ്റൊരു ഇഷ്ട വിഷയം സ്ത്രീയും സമൂഹവും എന്ന ക്ലാസായിരുന്നു. ചാലക്കുടി മേഖലാ വൈസ് പ്രസിഡന്റ്, ജില്ല വനിതാ കൺവീനർ, ബാലവേദി കൺവീനർ, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന ബാലവേദി കൺവീനറായിരുന്ന കാലത്ത് ബാലവേദി ഗാനങ്ങൾ, കളികൾ, ഒറിഗാമി എന്നിവയെക്കുറിച്ച് പുസ്തകങ്ങൾ ഇറക്കാൻ നേതൃത്വം നൽകി.
സ്റ്റീഫൻ ഹോക്കിംഗ്, ഗാലപ്പഗോസ് ദ്വീപുകളിലെ മായിക കാഴ്ചകൾ, കടലമ്മയുടെ മടിത്തട്ടിൽ, ജിപ്സികൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. രമയും ജീവിതപങ്കാളി പി.കെ. ശിവദാസനും മകൾ കെ. അനശ്വരയും ചേർന്ന് ഇന്ത്യയിലെ 13 വനിതാ നേതാക്കളെ പരിചയപ്പെടുത്തുന്ന ‘വൃത്തം ഭേദിച്ച വനിതകൾ’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ പു.ക.സ.യിലും പരിഷത്തിലും സജീവമാണ്. ഏറ്റവും അവസാനം ഞാൻ കണ്ടത് അന്നമനട പഞ്ചായത്തിലെ ‘ഗ്രാമദർശനം’ ത്രൈമാസികയുടെ പ്രകാശനവേളയിലാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിദ്ധീകരിച്ചിരുന്ന ഈ ത്രൈമാസിക 25-ാം വാർഷികത്തിൽ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. രമയാണ് ഇതിന്റെ എഡിറ്റർ.
https://www.facebook.com/Malayalivartha