കേരള കോൺഗ്രസ് ബി കുടുംബത്തിൻ്റെ പാർട്ടിയല്ല; അച്ഛൻ രാഷ്ട്രീയത്തിൽ ഉള്ളപ്പോൾ രാഷ്ട്രീയത്തിലിറങ്ങിയതാണ്, എന്റെ തീരുമാനങ്ങളല്ല പാർട്ടിയുടേത്: കെ.ബി ഗണേഷ് കുമാർ എംഎൽഎ

കുടുംബത്തിന്റെ പാർട്ടിയല്ല കേരള കോൺഗ്രസ് ബി എന്ന് വ്യക്തമാക്കി കെ.ബി ഗണേഷ് കുമാർ എംഎൽഎ. തന്റെ കുടുംബത്തിലുള്ള ആരും പാർട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരി ഉഷ മോഹൻദാസിനുള്ള മറുപടിയെന്നോണമാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
കേരള കോൺഗ്രസ് ബി പിളരുകയും പുതിയ വിഭാഗം അധ്യക്ഷയായി ഉഷ മോഹൻദാസിനെ തെരഞ്ഞെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. തന്നെ പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയാണ്. നിയമപരമായി കേരള കോൺഗ്രസ് ബി ഒന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
"കുടുംബത്തിന്റെ പാർട്ടിയല്ല കേരള കോൺഗ്രസ് ബി. അച്ഛൻ രാഷ്ട്രീയത്തിൽ ഉള്ളപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ വന്നതാണ്. കഴിഞ്ഞ 23 വർഷം ജനങ്ങൾക്ക് നടുവിൽ അടിത്തട്ടിലിറങ്ങി പ്രവർത്തിക്കുന്നു. എന്റെ തീരുമാനങ്ങളല്ല പാർട്ടിയുടേത്. എല്ലാവരും കൂട്ടായി എടുക്കുന്നതാണ്. എനിക്ക് ശേഷം പ്രളയം എന്ന നിലപാടില്ല. എന്നോടൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള ആളുകളെ വാർത്തെടുക്കാൻ വേണ്ടിയാണ് എല്ലാവരേയും വിളിച്ചു ചേർത്തത്" ഗണേഷ് കുമാർ പറഞ്ഞു.
ഗണേഷ് കുമാറിനെതിരെ കൊച്ചിയിൽ യോഗം ചേർന്ന വിമത വിഭാഗം സഹോദരി ഉഷ മോഹൻദാസിനെ അധ്യക്ഷയായി പ്രഖ്യാപിച്ചിരുന്നു. ഗണേഷ് കുമാർ സ്വയം പ്രഖ്യാപിത പാർട്ടി ചെയർമാൻ ആണെന്നായിരുന്നു പ്രധാന ആരോപണം. പാർട്ടി ഭരണഘടന പ്രകാരമല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്നും ഉഷ മോഹൻദാസ് ആരോപിച്ചു.
സംസ്ഥാന സമിതിയിലെ 74 ലലധികം പേരുടെ പിന്തുണയുണ്ടെന്നും ഔദ്യോഗിക പക്ഷം തങ്ങളാണെന്നും ഇവർ പറയുന്നു. ഗണേഷ് കുമാറുമായി ഒരുമിച്ച് പോകുന്നതിനാണ് താൽപര്യം. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പാർട്ടി പിളർത്താൻ ആഗ്രഹിക്കുന്നില്ല. കുടുംബപരമായ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും ഉഷ വ്യക്തമാക്കി. അതേസമയം ഇടതുമുന്നണിയിൽ ബോർഡ് അംഗത്വം ലഭിക്കാതെ വന്നവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും വിമർശനമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha