ആശങ്കയോടെ മുംബൈ... ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; കോവിഡ് സുനാമി ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മുംബൈയില്‍ ഒറ്റദിവസം 82 ശതമാനം കോവിഡ് വര്‍ധിച്ചു

കോവിഡിന്റെ ദുരിതത്തില്‍ നിന്നും ലോകം ഒന്ന് കര കയറി വന്നതേയുള്ളൂ. അതിനിടയ്ക്ക് വീണ്ടും ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കുകയാണ്. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്.
കോവിഡ് സുനാമി ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകള്‍ കുതിച്ചുയരവേ മുംബൈയിലും ഡല്‍ഹിയിലും ആശങ്ക പരക്കുന്നു. മുംബൈ നഗരത്തില്‍ മാത്രം 2510 പേര്‍ക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുള്‍പ്പെടെ മഹാരാഷ്ട്രയില്‍ ഇന്നലെ 3900 പേര്‍ക്കാണു കോവിഡ്. ചൊവ്വാഴ്ചത്തേക്കാള്‍ 82 ശതമാനമാണ് മുംബൈയില്‍ ഒറ്റയടിക്കുള്ള വര്‍ധന. 7 മാസത്തിനിടെ ആദ്യമായി ഇത്രയും പോസിറ്റീവ് കേസുകള്‍ ഉണ്ടായതോടെ മൂന്നാം തരംഗത്തിന്റെ സൂചനകള്‍ പ്രകടമായി.
ഡിസംബര്‍ രണ്ടിന് 112, 20ന് 283 എന്ന കണക്കില്‍ നിന്നാണു പൊടുന്നനേ മുംബൈയില്‍ കോവിഡ് വ്യാപകമായത്. ഇന്നലെ ഒരാള്‍ മരിക്കുകയും ചെയ്തു. പ്രവര്‍ത്തനം ഏതാണ്ടു നിര്‍ത്തിവച്ചിരുന്ന മുംബൈയിലെ താല്‍ക്കാലിക ജംബോ കോവിഡ് സെന്ററുകളില്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങി. തുറസായ സ്ഥലങ്ങളിലും ഹാളുകളിലുമുള്ള പുതുവത്സര ആഘോഷങ്ങളെല്ലാം മുംബൈയില്‍ നിരോധിച്ചിട്ടുണ്ട്.
ഒന്നു വരെയുള്ള രാത്രി കര്‍ഫ്യൂവിനു പുറമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. നിലവില്‍ നഗരം സാധാരണനിലയിലാണ്. ലോക്കല്‍ ട്രെയിനുകളിലും ബസുകളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞാണു യാത്ര. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയിലാണ്. ഇന്നലെ 85 പേര്‍ക്കു കൂടി സ്ഥീരികരിച്ചതോടെ ആകെ 252 ആയി.
ഡല്‍ഹിയില്‍ ചൊവ്വാഴ്ച 496 പേര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നത് ഇന്നലെ 923 ആയി. തമിഴ്‌നാട്ടില്‍ 739 പോസിറ്റീവില്‍ 294 പേര്‍ ചെന്നൈയിലാണ്. പുതുവര്‍ഷദിനങ്ങളിലെ രാത്രി കര്‍ഫ്യൂവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന കര്‍ണാടകയില്‍ ഇന്നലെ 566 പേര്‍ക്കാണു കോവിഡ്; ഇതില്‍ 400 പേരും ബെംഗളൂരുവിലാണ്.
അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങളില്‍നിന്നു ശബരിമല, ശിവഗിരി തീര്‍ഥാടനങ്ങളെയും തീര്‍ഥാടകരെയും ഒഴിവാക്കി. രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള നിയന്ത്രണം ബാധകമാകില്ല. പത്തനംതിട്ട, തിരുവനന്തപുരം കലക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരമാണു തീരുമാനമെന്നു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ, രാത്രി 10 മുതല്‍ രാവിലെ 5 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയില്‍ ഒരേസമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവില്‍ 50 ശതമാനമാണ്. ഇതു കര്‍ശനമായി തുടരും.
പുതുവത്സരാഘോഷത്തില്‍ വലിയ ആള്‍ക്കൂട്ട സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ പൊലീസ് പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.
https://www.facebook.com/Malayalivartha