ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ... വിട പറഞ്ഞത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും സംഗീത സംവിധായകനും...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ... മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു.
അര്‍ബുദബാധിതനായി കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഇരുപതിലേറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച വിശ്വനാഥന്‍ സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.
കണ്ണകി എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ച ജയരാജ് ചിത്രം 'ദേശാടന'ത്തില്‍ സഹായിയായാണ് സിനിമാപ്രവേശം. തുടര്‍ന്ന് ജയരാജിന്റെ തന്നെ ചിത്രമായ 'കണ്ണകി'യിലൂടെ സ്വതന്ത്ര സംഗീതസംവിധായകനുമായി. തിളക്കം, എകാന്തം, ദൈവനാമത്തില്‍, മധ്യവേനല്‍, കൗസ്തുഭം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയചിത്രങ്ങള്‍.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1963 ല്‍ കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം പാസ്സായി. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാദ്ധ്യാപകനായിരുന്നു.
പിന്നീട് പയ്യന്നൂരില്‍ 'ശ്രുതിലയ' സംഗീത വിദ്യാലയം തുടങ്ങി.കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ... (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം), ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍. കൗസ്തുഭം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.
സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 9ന് തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തില്‍.
"
https://www.facebook.com/Malayalivartha