നിലം ബിറ്റി ആറില്‍ നിലം നികത്തുപുരയിടമാക്കി ഹൈടെക് ആശുപത്രി നിര്‍മ്മിച്ച കേസ്... പഞ്ചായത്ത് സെക്രട്ടറിയടക്കം 3 പ്രതികള്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം, ഏപ്രില്‍ 5 ന് ഓവര്‍സിയറും ആശുപത്രി ഉടമയും ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

നിലം ബിറ്റി ആറില്‍ നിലം നികത്തു പുരയിടമാക്കി ഹൈടെക് ആശുപത്രി നിര്‍മ്മിച്ച വിജിലന്‍സ് കേസില്‍ രണ്ടും മൂന്നും പ്രതികളായ പഞ്ചായത്ത് ഓവര്‍സിയറും ആശുപത്രി ഉടമയും ഏപ്രില്‍ 5 ന് ഹാജരാകാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പഞ്ചായത്ത് സെക്രട്ടറിയടക്കം 3 പ്രതികള്‍ക്കെതിരെയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
കേസില്‍ ഒന്നാം പ്രതിയായ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ വര്‍ഷം മരണപ്പെട്ടു. കൊല്ലം മേലില ഗ്രാമ പഞ്ചായത്ത് മുന്‍ സെക്രട്ടറി പി.എന്‍. രാഗിണി , പഞ്ചായത്തിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ബാഹുലേയന്‍ , നിലം നികത്തി നിര്‍മ്മിച്ച അരോമ ആശുപത്രിയുടെ ഉടമ കൊട്ടാരക്കര വെട്ടിക്കവല പാലമൂട് ചരുവിള വീട്ടില്‍ അലക്‌സ് എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍. അഴിമതി നിരോധന നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കേസെടുത്ത വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി എം.ബി. സ്‌നേഹലത രണ്ടും മൂന്നും പ്രതികളായ ബാഹുലേയനും അലക്‌സും ഹാജരാകാന്‍ ഉത്തരവിട്ടു.
ഒന്നും രണ്ടും പ്രതികള്‍ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിയായ മൂന്നാം പ്രതിയുമായി ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി നല്‍കണമെന്ന ഉദ്ദേശ്യത്തോടെ ആര്‍ ഡി ഒ യുടെ ഉത്തരവില്ലാതെ 401/8 , 401/6 എന്നീ സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട നെല്‍ വയല്‍ നികത്തി പുരയിടമാക്കിയ ഭൂമിക്ക് രണ്ടാം പ്രതി തയ്യാറാക്കി നല്‍കിയ കളവായ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് ഒന്നാം പ്രതി അധികാര പരിധി ലംഘിച്ച് പെര്‍മിറ്റ് നല്‍കിയതായി വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു.
ഇപ്രകാരം നിയമ വിരുദ്ധമായി നിര്‍മ്മിച്ച മൂന്നാം പ്രതിയുടെ ആശുപത്രി കെട്ടിടത്തിന് ഒന്നാം പ്രതി കുറഞ്ഞ നിരക്കില്‍ ബില്‍ഡിംഗ് ടാക്‌സ് അസ്സെസ് ചെയ്തു. തല്‍ഫലമായി മൂന്നാം പ്രതി വര്‍ഷം തോറും ബില്‍ഡിംഗ് ടാക്‌സും സെസ് ലെവിയുമായി 8,640 രൂപയുടെയും 432 രൂപയുടെയും സാമ്പത്തിക നേട്ടം നേടി. കൂടാതെ നിയമ വിരുദ്ധമായി ആശുപത്രി കെട്ടിടത്തിന് എക്സ്റ്റന്‍ഷന്‍ നിര്‍മ്മാണത്തിന് ഒന്നാം പ്രതി അഡീഷണല്‍ പെര്‍മിറ്റ് നല്‍കി. കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് എക്സ്റ്റന്‍ഷന്‍ പെര്‍മിറ്റ് നല്‍കിയത്. തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റ് പുറത്തിറക്കിയ 2007 ജൂണ്‍ 20 , 2000 ജൂലൈ 3 എന്നീ തീയതികളിലെ സര്‍ക്കുലറുകള്‍ ലംഘിച്ചാണ് പഞ്ചായത്ത് സെക്രട്ടറി ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് അനുവദിച്ചു നല്‍കിയതെന്നും വിജിലന്‍സ കുറ്റപത്രത്തിലുണ്ട്.
കൊല്ലം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി കെ. അശോക കുമാറാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
2002 ജൂണ്‍ മുതല്‍ 2008 ജനുവരി 31 വരെ മേലില വില്ലേജ് ഓഫീസറായിരുന്ന തങ്കമ്മയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമായി. കുറ്റപത്രത്തില്‍ ഇരുപത്തിയൊന്നാം സാക്ഷിയാണ് തങ്കമ്മ. കൊട്ടാരക്കര എ എല്‍ സി സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഷൈബു ജോണ്‍ എന്ന സര്‍വ്വയര്‍ വില്ലേജ് ഓഫീസില്‍ എത്തി സര്‍വ്വേ നമ്പര്‍ 401/11 , 401/12 എന്നിവയുടെ ബി റ്റി ആറില്‍ (അടിസ്ഥാന ഭൂ നികുതി രജിസ്റ്റര്‍) അപ്പോള്‍ ഉണ്ടായിരുന്ന നിലം എന്ന ഇനം വെട്ടിമാറ്റി പകരം എ എല്‍ സി സര്‍വ്വേ സൂപ്രണ്ടിന്റെ ഉത്തരവ് 39/04 തീയതി 20-8-2004 പ്രകാരം നിലം നികത്തുപുരയിടം എന്ന് മാറ്റി എഴുതിയതായും , ഈ വിവരം തഹസില്‍ദാര്‍ക്ക് താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും തങ്കമ്മ വിജിലന്‍സിന് നല്‍കിയ മൊഴി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
വില്ലേജ് മാനുവലും സര്‍ക്കുലറുകളും അനുസരിച്ച് ബി റ്റി ആറിലും റ്റി പി ആറിലും രേഖപ്പെടുത്തിയിരിക്കുന്നതാണ് വസ്തുവിന്റെ ഇനമായി സര്‍ട്ടിഫിക്കറ്റില്‍ എഴുതുന്നതെന്നും അതില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കില്‍ തഹസില്‍ദാരോ ആര്‍ ഡി ഒ യോ ആ റിപ്പോര്‍ട്ട് മടക്കി തരുമെന്നും തങ്കമ്മ മൊഴി നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























