വിചാരണയ്ക്ക് ഹാജരാകാത്ത പ്രതി മരിച്ചെന്ന് വക്കീൽ; പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തിയ പൊലീസിന് മുന്നില്‍ ജീവനോടെ പ്രതി!
വിചാരണയ്ക്ക് ഹാജരാകാത്ത പ്രതി മരിച്ചെന്ന് വ്യക്തമാക്കി വക്കീൽ. എന്നാൽ പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തിയ പൊലീസിന് മുന്നില്‍ ജീവനോടെ പ്രതി എത്തുകയായിരുന്നു. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനെ തെരഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിന് മുന്നിലേക്കാണ് പ്രതി എത്തിയിരുന്നത്. കൊലപാതക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഇയാള്‍ ഹാജരാകാതെയിരിക്കുകയായിരുന്നു. പ്രതി മരിച്ചുപോയെന്നായിരുന്നു വക്കീല്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
ഇതിനുപിന്നാലെ ഇത് തെരഞ്ഞ് പോയ പൊലീസ് സംഘത്തിന് മുന്നിലേക്കാണ് പ്രതി അവിചാരിതമായി എത്തിയത്. 2017-ലെ മീൻപിടിത്ത സീസണിലുണ്ടായ കൊലപാതക്കേസാണ് സംഭവങ്ങള്‍ക്ക് തുടക്കം. വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനു മുഹമ്മദ് എന്നിവരെ അന്ന് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനു മുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
കൂടാതെ സഹപ്രതികള്‍ അടക്കം ആരുമായും ബന്ധമില്ലാതിരുന്ന ഇയാൾ വിചാരണക്കും കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കീൽ കോടതിയെ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ തെളിവിന്റെ അഭാവത്തിൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സീനു മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























