പ്രതി എന്ന നിലയില്‍ തനിക്ക് നോട്ടീസ് നല്‍കാന്‍ നിയമപരമായി അന്വേഷണ സംഘത്തിന് കഴിയില്ല; അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണം; ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ്

തന്റെ ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടന്‍ ദിലീപിന്റെ മറുപടി. ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ഫോണില്‍ ഇല്ല. ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.
ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണ്‍ ആണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താന്‍ കോടതിക്ക് കൈമാറാം .പ്രതി എന്ന നിലയില്‍ തനിക്ക് നോട്ടീസ് നല്‍കാന്‍ നിയമപരമായി അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് പിന്‍വലിക്കണം. നോട്ടീസ് തനിക്ക് നല്‍കുന്നതിനു മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണമെന്നും ദിലീപ് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിനോടും കൂട്ടുപ്രതികളോടും പഴയ ഫോണുകള്‍ ഹാജരാക്കണമെന്ന് കാട്ടി അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇന്ന് മൂന്ന് മണിക്ക് മുമ്ബ് കൈമാറണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha



























