ശാന്തകുമാരി കൊലക്കേസ്.... തെളിവെടുപ്പും തൊണ്ടി ശേഖരണവും ചോദ്യം ചെയ്യലും പൂര്‍ത്തിയായി; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന തെളിവെടുപ്പും തൊണ്ടി ശേഖരണവും ചോദ്യം ചെയ്യലും ചൊവ്വാഴ്ച പൂര്‍ത്തിയായി. കൊലപാതക പരമ്ബരയിലെ പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്.
കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും ഏഴു ദിവസം കൊണ്ടു തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതോടെ, വിഴിഞ്ഞം പൊലീസ് പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുല്ലൂരില്‍ ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിനു മുമ്‌ബേ പ്രതികളുടെ വിലപിടിപ്പുള്ള രേഖകളും വസ്ത്രങ്ങളും നേരത്തേ തന്നെ പ്രതികളിലൊരാളായ അല്‍അമീന്റെ സ്ഥലമായ പാലക്കാട്ടേക്ക് കടത്തിയതായി പൊലീസ് പറയുന്നു.
തെളിവെടുപ്പിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് രേഖകള്‍ കടത്തിയ കാര്യം പ്രതികളായ റഫീക്ക, മകന്‍ ഷെഫീക്ക്, സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ വെളിവാക്കിയത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കുകള്‍, റഫീക്കയുടെ പാസ്‌പോര്‍ട്ട്, മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം അല്‍അമീനുമായി പാലക്കാട്ട് തെളിവെടുപ്പിനെത്തിയ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെടുത്തു.
നേരത്തേ ലക്ഷദ്വീപ്, മാലദ്വീപ് എന്നിവിടങ്ങളില്‍ തൊഴിലെടുത്തിരുന്ന റഫീക്കക്ക് അവിടങ്ങളിലും ബന്ധമുള്ളതായി പൊലീസ് പറയുന്നു. കൊലക്കു ശേഷം മുന്‍കൂട്ടിയുള്ള തീരുമാനമനുസരിച്ച് സ്വകാര്യ ബസില്‍ പാലക്കാട്ടേക്ക് രക്ഷപ്പെടുന്നതിനിടെയാണ് കഴക്കൂട്ടത്തു ബസില്‍നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രധാന പ്രതികളിലൊരാളായ അല്‍അമീന് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെയും വെട്ടിലാക്കി.
അല്‍അമീനെയാണ് എല്ലായിടത്തെയും തെളിവെടുപ്പിനും തൊണ്ടി മുതല്‍ ശേഖരണത്തിനുമായി പൊലീസ് കൊണ്ടുപോയത്. ഇതുവഴി അന്വേഷണ സംഘത്തിലെ നിരവധി പൊലീസുകാര്‍ക്ക് ഇയാളുമായി നേരിട്ട് സമ്ബര്‍ക്കമുണ്ടായതാണ് ആശങ്ക. കോവളത്തെ 14കാരിയുടെ കൊലപാതകക്കേസിലെ പ്രതികള്‍ കൂടിയായ റഫീക്കയെയും മകന്‍ ഷെഫീക്കിനെയും ചോദ്യം ചെയ്യലിനായി കോവളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
തിങ്കളാഴ്ചയോടെ കൊലപാതക സംഘത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചതായി കോവളം പൊലീസ് അറിയിച്ചു. അഞ്ചു വര്‍ഷം മുമ്ബ് കല്ലുവെട്ടാന്‍ കുഴിയില്‍ നടന്ന യുവതിയുടെ മരണത്തിലെ ദുരൂഹതയുടെ കെട്ടഴിക്കുന്നതിനുള്ള ദൗത്യവും 14കാരിയുടെ മരണത്തിന്റെ അന്വേഷണചുമതലയും ഇനി കോവളം പൊലീസിന്റെ ചുമതലയിലാണ്. സി.ഐ പ്രൈജുവിനാണ് അന്വേഷണ ചുമതല. വിഴിഞ്ഞം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്‍കിയ മൊഴികളടങ്ങിയ ഫയലുകള്‍ കോവളം പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha



























