കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി; മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ സഹായം തേടിയെന്നാണ് യുവാക്കള്‍ പറഞ്ഞത്

കോഴിക്കോട്ടെ വെള്ളിമാട് കുന്നിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. ആറ് പെണ്‍കുട്ടികളില്‍ കണ്ടെത്താനുണ്ടായിരുന്ന നാല് പെണ്‍കുട്ടികളെയും കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബെംഗളൂരുവിലെ മടിവാളയിലെ ഹോട്ടലില്‍ പെണ്‍കുട്ടികളെ ആദ്യം കണ്ടെത്തിയത്. പെണ്‍കുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ അവരെ തടഞ്ഞു വയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ ഒഴികെ ബാക്കി അഞ്ചുപേരും ഓടി രക്ഷപ്പെട്ടു. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തിയിരുന്നു.
ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തിയ കുട്ടികള്‍ അവിടെ നിന്നും എടക്കരയില്‍ എത്തുകയായിരുന്നു. ഓട്ടോയില്‍ പോവുകയായിരുന്ന ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു എന്നാണ് വിവരം.
ഇന്ന് രാവിലെ ഒരാളെ മൈസൂരില്‍ നിന്നും മറ്റൊരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയിരുന്നു. മൈസൂരുവിലെ മാണ്ഡ്യയില്‍ നിന്നാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത് എന്നാണ് വിവരം. കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു കുട്ടിയെന്നാണ് അറിയുന്നത്.
ബുധനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. ആറ് പേരും കൂടി ചില്‍ഡ്രന്‍സ് ഹോമിന്റെ അടുക്കള ഭാഗത്ത് നിന്ന് ഏണി ഉപയോഗിച്ച് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് നിഗമനം. കഴിഞ്ഞ ഒരുമാസത്തിനിടെ ചില്‍ഡ്രന്‍സ് ഹോമിലെത്തിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളെയാണ് കാണാതായത്.
സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.രണ്ടു യുവാക്കളുടെ സഹായവും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ സഹായം തേടിയെന്നാണ് യുവാക്കള്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ സഹായത്തിലാണ് പെണ്‍കുട്ടികള്‍ റൂമെടുക്കാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha