ഓണ്‍ലൈന്‍ മണി ആപ്പ് കമ്പനിയുടെ അവഹേളനത്തില്‍ മനം നൊന്ത് ആത്മഹത്യ; അണ്ടലൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

ഓണ്‍ലൈന്‍ മണി ആപ്പ്കമ്പനിയുടെ അവഹേളനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
പൂനൈയിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ട അണ്ടലൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് വെള്ളിയാഴ്‌ച്ച ഉച്ചയോടെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.
അണ്ടലൂര്‍ പണിക്കറ മൈതാനിക്കടുത്ത അനിതാലയത്തില്‍ അനുഗ്രഹി(22)നെ ഇന്നലെ രാവിലെയാണ് പൂണെ സിന്‍ഹഘട്ട് റോഡിലെ മാണിക്ക് ബാഗിനടുത്ത് താമസിക്കുന്ന മുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിനടുത്ത നവി പേട്ടിലെ പെട്രോള്‍ പമ്ബിലായിരുന്നു അനുഗ്രഹ് ജോലി ചെയ്തിരുന്നത്. യുവാവ് ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
പൂനൈ കേന്ദ്രീകരിച്ചു ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത 8000 രൂപ തിരിച്ചടക്കാത്തതിന്റെ പേരില്‍ ഇവരുടെ ആള്‍ക്കാര്‍ അനുഗ്രഹിനെ പല നിലയ്ക്കും ഭീഷണിപ്പെടുത്തി ദ്രോഹിച്ചതായുമാണ് പരാതി. ഏറ്റവും ഒടുവിലായി അനുഗ്രഹിന്റെ മോര്‍ഫ് ചെയ്യപ്പെട്ട അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടുവെന്ന് പറയുന്നു.
യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇത് ലഭിച്ചിരുന്നതിന്റെ മനോവിഷമത്താല്‍ അനുഗ്രഹ് ജീവനൊടുക്കിയെന്നാണ് ബന്ധുക്കള്‍ പൊലിസിന് നല്‍കിയ പരാതി. സ്ഥലത്തെ മലയാളി സമാജം പ്രവര്‍ത്തകരാണ് പൊലീസില്‍ ബന്ധപ്പെട്ട് മൃതദേഹം ആശുപത്രിയിലെത്തിച്ച് അനന്തര നടപടികള്‍ക്കായി സഹായിച്ചത്.
അനുഗ്രഹിന്റെ ഫോണ്‍ നവിപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അണ്ടലൂരിലെ അനിതാലയത്തില്‍ പ്രകാശന്റെയും അനിതയുടെയും മകനാണ് അനുഗ്രഹ്. അണ്ടല്ലൂര്‍ ഉത്സവം നാളെ തുടങ്ങാനിരിക്കെ അതില്‍ സജീവമായി പങ്കെടുക്കേണ്ടിയിരുന്ന അനുഗ്രഹിന്റെ മരണം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാടിന് തന്നെ തീരാദുഃഖമായി മാറിയിരിക്കുകയാണ്. വീട്ടുകാരും നാട്ടുകാരും അപ്പുവെന്നു വിളിക്കുന്ന അനുഗ്രഹ് നാട്ടിലെ ഏതുകാര്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന യുവതലമുറയിലെ പ്രതിനിധികളിലൊരാളായിരുന്നു.
https://www.facebook.com/Malayalivartha