മാറ്റിയ ഫോണുകൾ എല്ലാം തിരിച്ചു നൽകിയില്ലെങ്കിൽ ജാമ്യം കിട്ടില്ല; ദിലീപിനെ വിറപ്പിച്ച് ഹൈക്കോടതി; ഫോൺ കൈമാറിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പ്; ഇന്ന് അവധി ദിവസമാണെങ്കിൽ പോലും പ്രത്യേക സിറ്റിങ് നടത്തും

ഒടുവിൽ ദിലീപിനെ ത്രിശങ്കുവിൽ ആക്കി ഹൈക്കോടതിയും. മാറ്റിയ ഫോണുകൾ എല്ലാം തിരിച്ചു നൽകിയില്ലെങ്കിൽ ജാമ്യം തള്ളുമെന്ന ഉപാധിയാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. തീർച്ചയായും ഫോണുകൾ ദിലീപ് നൽകേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ദിലീപിന്റെയും മറ്റു പ്രതികളുടെയും മൊബൈൽ ഫോണുകൾ ഹൈക്കോടതി റജിസ്ട്രിയുടെ കസ്റ്റഡിയിൽ വയ്ക്കുന്നതല്ലേ ഉചിതമെന്നും ഹൈക്കോടതി ചോദിച്ചിരിക്കുകയാണ്.
ഫോൺ കൈമാറിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പും കോടതി കൊടുത്തു. തുടർന്ന് ഉപഹർജി വിശദവാദത്തിനായി ഇന്നത്തേക്കു മാറ്റിയിരിക്കുകയാണ്. ഇന്ന് അവധിദിവസമാണെങ്കിൽ പോലും പ്രത്യേക സിറ്റിങ് നടത്തുവാൻ ഇരിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ല എന്ന ആരോപണമുയർന്നിരുന്നു.
അതുകൊണ്ട് നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർക്കു നൽകാൻ നിർദേശിക്കണമെന്ന ആവശ്യമുയർത്തി പ്രോസിക്യൂഷൻ ഉപഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് പരിഗണിക്കുന്നത്.ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്നു ദിലീപ് വ്യക്തമാക്കി. തെളിവുകൾ കെട്ടിച്ചമയ്ക്കുമെന്നു ഭയമുണ്ടെന്നാണ് ദിലീപ് പറയുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുന്ന വിവരങ്ങൾ ഫോണിലുണ്ടെന്നും പറഞ്ഞിരിക്കുകയാണ്. . ഫോണുകൾ ആവശ്യപ്പെടുന്നതു സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിക്കുകയുണ്ടായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം പ്രതികൾ ഉപയോഗിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ വേറെയാണെന്നും അതിനു മുൻപുള്ള ഫോണുകൾ ഒളിപ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിക്കുകയുണ്ടായി .
ഹൈക്കോടതി റജിസ്ട്രിയുടെ സുരക്ഷിതമായ കസ്റ്റഡിയിലായിരിക്കും ഫോണുകളെന്നും കോടതിയുടെ ഉത്തരവില്ലാതെ ഫോണുകൾ ആർക്കും കൈമാറില്ലെന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയെ സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതോടെ വളരെ സുപ്രധാനമായ ഒരു നീക്കമാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച വിശദമായ സ്‌റ്റേറ്റ്‌മെന്റ് വിചാരണ കോടതിയില്‍ നല്‍കിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ പള്‍സര്‍ സുനിയെയും എറണാകുളം സബ് ജയിലിലെത്തി ചോദ്യം ചെയ്തത് .നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യംചെയ്തത് .
ദിലീപിനെതിരെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുള്ള പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി പറയുന്ന റെകോഡിംങുകള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha