അഴിമതി ചിതലിനെപ്പോലെയാണ്; അത് രാജ്യത്തെ പൊള്ളയാക്കും; യുവജനങ്ങളോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി രാഷ്ട്രത്തെ ഈ വിപത്തിൽ നിന്ന് മോചിപ്പിക്കണം; അഴിമതിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഴിമതിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അഴിമതി ചിതലിനെപ്പോലെയാണ്. അത് രാജ്യത്തെ പൊള്ളയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. യുവജനങ്ങളോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി രാഷ്ട്രത്തെ ഈ വിപത്തിൽ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവർഷത്തിലെ ആദ്യ മൻ കി ബാത്ത് പ്രഭാഷണത്തിലായിരുന്നു പ്രധാനമന്ത്രി ഈ കാര്യങ്ങൾ പറഞ്ഞത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നുള്ള നവ്യാ വർമ്മ അയച്ച കത്തിന് മറുപടിയെന്നോണമാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. 2047 ആകുമ്പോഴേക്കും ഇന്ത്യയെ അഴിമതി മുക്തമായി കാണണമെന്ന് അതിൽ എഴുതിയിരുന്നു. രാജ്യത്തെ പൊള്ളയാക്കുന്ന ഈ ചിതലിൽ നിന്ന് മുക്തി നേടാൻ എന്തിന് 2047 വരെ കാത്തിരിക്കണമെന്നും ചോദിച്ചിരുന്നു. കർത്തവ്യങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോയാൽ അഴിമതി നിലനിൽക്കില്ലെന്ന് മോദി പറഞ്ഞു.
ഇത്തവണ പദ്മ പുരസ്കാരം നേടിയവരിൽ പലരും പരക്കെ അറിയപ്പെടാത്തവരാണ്. സാധാരണ ജീവിത സാഹചര്യങ്ങളിൽ അസാധാരണ നേട്ടം കൊയ്തവർ. അവരുടെ പേര് നിങ്ങൾ മുമ്പ് കേട്ടുകാണില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. മൻ കി ബാത്തിൽ ആശയങ്ങൾ പങ്കുവച്ച് ഒരു കോടിയിലധികം കുട്ടികൾ തനിക്ക് കത്തയച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെയും അദ്ദേഹം അഴിമതിക്കെതിരെ ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ മുൻകാല കോൺഗ്രസ് സർക്കാരുകളെ വിമർശിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ സർക്കാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഭരണനിർവ്വഹണം സുതാര്യമാകണമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നു. സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തും.
അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ ഇനിയും പൂർണ്ണമായി തടയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തിൽ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























