മലയാളിയായ സാദിഖ് വാഫി എന്ന ശാസ്ത്ര ഗവേഷകന്റെ, നോബൽ സമ്മാനം വരെ ലഭിച്ചേക്കാവുന്ന കണ്ടെത്തൽ; ശാസ്ത്രത്തെ അപ്രമേയമായ രീതിയിൽ അനുരൂപമാം വിധം പ്രഖണ്ഡതയോടെ വന്ധ്യകരിക്കുന്ന വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വായിക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാകട്ടെ; എങ്കിലും നമ്മുടെ ഗവേഷകന്റെ നേട്ടങ്ങൾ ചെറുതല്ല; സിസിടിവി ക്യാമറയ്ക്കൊപ്പം മൊബൈൽ ക്യാമറ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം തന്റെ പഠനം വിപുലീകരിച്ചത്; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

മലയാളിയായ സാദിഖ് വാഫി എന്ന ശാസ്ത്ര ഗവേഷകന്റെ, നോബൽ സമ്മാനം വരെ ലഭിച്ചേക്കാവുന്ന കണ്ടെത്തലിനെ മലയാളത്തിലെ മറ്റെല്ലാ പത്രങ്ങളും അവഗണിച്ചപ്പോൾ സുപ്രഭാതം മാത്രമാണ് ഗംഭീരമായ ഒരു എക്സ്ക്ലൂസീവ് വാർത്തയിലൂടെ ലോകത്തെ അറിയിച്ചത്. ശാസ്ത്രത്തെ അപ്രമേയമായ രീതിയിൽ അനുരൂപമാം വിധം പ്രഖണ്ഡതയോടെ വന്ധ്യംകരിക്കുന്ന വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വായിക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാകട്ടെ.
വിമർശനവുമായി ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ; നിങ്ങളും ഇന്നുമുതൽ സുപ്രഭാതം പത്രം വായിക്കൂ. കൊടുക്കുന്ന പണം മുതലാകും. മലയാളിയായ സാദിഖ് വാഫി എന്ന ശാസ്ത്ര ഗവേഷകന്റെ, നോബൽ സമ്മാനം വരെ ലഭിച്ചേക്കാവുന്ന കണ്ടെത്തലിനെ മലയാളത്തിലെ മറ്റെല്ലാ പത്രങ്ങളും അവഗണിച്ചപ്പോൾ സുപ്രഭാതം മാത്രമാണ് ഗംഭീരമായ ഒരു എക്സ്ക്ലൂസീവ് വാർത്തയിലൂടെ ലോകത്തെ അറിയിച്ചത്.
നിലമ്പൂരിലെ വീട്ടിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ ഇൻഫ്രാറെഡ് ക്യാമറയിൽ പതിപ്പിച്ച മുനിച്ചാമിയുടെ കളറ് പടം, സോറി, ‘ഇൻഫ്രാ ബീയിങ്സ്’ എന്ന പ്രതിഭാസത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തെ കുറിച്ച് മൂന്നുവർഷം ഗവേഷണം നടത്തുകയായിരുന്നു സാദിഖ്. പ്രപഞ്ചത്തിലെ കോശേതര ജൈവസാന്നിധ്യം കണ്ടെത്തിയ സാദിഖിന്റെ ഗവേഷണം അവസാനം പിഡബ്ല്യുഡി, സോറി, ജേണൽ ഓഫ് ഫിസിക്സ് ആൻഡ് അസ്ട്രോണമി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജേണലിന്റെ പേരൊക്കെ നല്ല കിടുക്കാച്ചി അല്ലേ? പിയർ റിവ്യൂഡ് മാഗസീൻ ആണെന്നാണ് അവർ സ്വയം വിളിക്കുന്നത്. നമ്മുടെ കുഞ്ഞൻ സ്വയം വിമൽ കുമാർ എന്ന് വിളിക്കുന്നതു പോലെ. അടിസ്ഥാനപരമായ സ്പെല്ലിങ് മിസ്റ്റേക്കുകൾ പോലും തിരുത്താതെയാണ് 'കണ്ടുപിടിത്തങ്ങൾ' പ്രസിദ്ധീകരിക്കുന്നത് എന്നുമാത്രം. അല്ലെങ്കിൽ തന്നെ അഭൗമമായ കണ്ടെത്തലുകൾക്ക് എന്ത് സ്പെല്ലിങ്, എന്ത് ഗ്രാമർ! ജേണലിന്റെ ട്വിറ്റർ അക്കൗണ്ട് പണ്ടേക്കുപണ്ടേ സസ്പെൻഡ് ചെയ്യപ്പെട്ടതാണ്.
ഫേസ്ബുക്ക് പേജും അതേ. ആയിരം മുതൽ അയ്യായിരം വരെ ജീവനക്കാർ ജോലിചെയ്യുന്നെന്ന് അവകാശപ്പെടുന്ന ജേണലിന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് പിന്തുടരുന്നത് ഞാനും അപ്ഫനും സുഭദ്രയും അടക്കം ആകെ 19 പേരാണ്. സാദിഖും ഉണ്ടായേക്കാം. എന്തായാലും ഇംഗ്ലണ്ട് ആസ്ഥാനമായ ജേണലിന്റെ അഡ്രസ് ഹരിയാനയിലെ ഒരു ഫ്ലാറ്റ് ആണെന്നു മാത്രം. ഇംഗ്ലണ്ടിലെ ഹരിയാന ആണോയെന്ന് ഞാൻ നോക്കി. അല്ല. സംഗതി നമ്മുടെ ഹരിയാന തന്നെയാണ്.
എങ്കിലും നമ്മുടെ ഗവേഷകന്റെ നേട്ടങ്ങൾ ചെറുതല്ല. സിസിടിവി ക്യാമറയ്ക്കൊപ്പം മൊബൈൽ ക്യാമറ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം തന്റെ പഠനം വിപുലീകരിച്ചത്. പ്രകാശത്തേക്കാൾ വേഗതയുള്ള ജീവകണം ആണ് താൻ കണ്ടുപിടിച്ചതെന്ന് സാദിഖിന് സംശയം ഒന്നുമില്ല. അതിന് വലിയ തത്വങ്ങളോ പഠനങ്ങളോ ഒന്നും ആവശ്യമില്ലല്ലോ. സാദിഖ് പറഞ്ഞാൽ പറഞ്ഞതാണ്. മറ്റേ ജേണലിൽ വന്നതിലും ആധികാരികതയാണ് സുപ്രഭാതത്തിൽ വാർത്ത വന്നാൽ.
രാത്രിയിൽ, പ്രത്യേകിച്ച് ഇൻഫ്രാറെഡ് ക്യാമറയിൽ പടം എടുത്താൽ കാണുന്ന പ്രകാശരൂപത്തിന് ഓർബ് എന്നുപറയും. പക്ഷെ ഞാൻ പഠിച്ചത് വെറും ഫിസിക്സ് ബിരുദാനന്തര ബിരുദമാണ്. സാദിഖിന് ഈ വിഷയത്തിൽ എന്നെക്കാൾ ഉന്നത വിദ്യാഭ്യാസം ഉള്ളതുകൊണ്ട് അദ്ദേഹം പറയുന്നത് തന്നെയാവണം ശരി. അദ്ദേഹത്തിന്റെ യോഗ്യത ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇസ്ലാമിക് ഷരിയായിൽ ബിരുദാനന്തര ബിരുദവും ആണ്.
ഒരു മൂന്നാല് ശാസ്ത്ര കണ്ടെത്തലുകൾക്ക് അത് ധാരാളമാണെന്നാണ് എന്റെ തോന്നൽ. ഒരു പക്ഷെ അധികയോഗ്യത ആയിപ്പോയെങ്കിലേ ഉള്ളൂ. ഈ വാർത്ത ഓൺലൈനിൽ നിന്നും സുപ്രഭാതം എന്തിനാണ് മുക്കിയതെന്ന് മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ജനുവരി 28ന്റെ ഇ-പേപ്പറിൽ വാർത്ത ഇപ്പോഴും ഉള്ളതാണ് ആശ്വാസം. ശാസ്ത്രത്തെ അപ്രമേയമായ രീതിയിൽ അനുരൂപമാം വിധം പ്രഖണ്ഡതയോടെ വന്ധ്യംകരിക്കുന്ന വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വായിക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാകട്ടെ. മഞ്ചേരിയിൽ നിന്നും വാർത്ത തയ്യാറാക്കിയ എൻ സി ഷെരീഫ് എന്ന ശാസ്ത്രകുതുകിയായ സുപ്രഭാതം റിപ്പോർട്ടർക്ക് ഈ നട്ടുച്ചയ്ക്കും ഞാൻ സുപ്രഭാതം ആശംസിക്കുന്നു.
https://www.facebook.com/Malayalivartha