വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാരനെ ആക്രമിച്ച് തടവുകാര്‍. ജീവനക്കാരനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു തടവുകാരനും പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ അഭിനവ് (28) തടവുകാരനായ റെജി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മനോജ്, അസറുദ്ദീന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം സെല്ലില്‍ കയറാന്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ജീവനക്കാരനെ ആക്രമിച്ചത്. കമ്പികൊണ്ടായിരുന്നു ആക്രമണം. അഭിനവിനെ തെറി വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത് അസ്ഹറുദ്ദീനായിരുന്നു. ഇതിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി മനോജെത്തുകയായിരുന്നു. തുടര്‍ന്ന് മനോജും മര്‍ദ്ദിച്ചു. വിയ്യൂര്‍ പൊലീസ് കേസെടുത്തു.
2022ലെ കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലും, 2019ലെ ശ്രീലങ്ക ഈസ്റ്റര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് അസറുദ്ദീന്‍. 2019ല്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ ഐ.എസ് ബന്ധം, തീവ്രവാദ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കേസും ചുമത്തിയിരുന്നു. ആഷിഖ് എന്ന പേരില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലായിലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 10 യു.എ.പി.എ കേസുകള്‍ ഉള്‍പ്പെടെ 16 കേസുകളില്‍ പ്രതിയാണ്. മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്നു മനോജ്.
https://www.facebook.com/Malayalivartha
























