ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

ശബരിമലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം.
സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സേവനവും ഇത്തവണയുണ്ടാകും. ഭക്തരുടെ തീര്‍ത്ഥാടനത്തിനുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും 18,741 പൊലീസുകാരെ വിന്യസിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. എസ്പി മുതല്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ വിന്യസിക്കും. കൂടാതെ ട്രാഫിക്ക് ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവയും ഉണ്ടാകും. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് കമാന്‍ഡോകള്‍ ഉണ്ടാകും. പ്രധാന വാഹന പാര്‍ക്കിംഗ് മേഖല നിലയ്ക്കല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
'ആവശ്യത്തിന് സിസിടിവി, ശൗചാലയങ്ങള്‍ എന്നിവ ഉറപ്പാക്കും. പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ സ്‌പെഷ്യല്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി . ഡോളി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാന്‍ പമ്പ പൊലീസ് വികസിപ്പിച്ച ആപ്പായിരിക്കും ഉപയോഗിക്കുക. ആംബുലന്‍സുകള്‍ക്ക് വേണ്ട സൗകര്യങ്ങളും ശ്രദ്ധിക്കും. പൊലീസ്, ജില്ലാ ഭരണകൂടം, അഗ്‌നിരക്ഷാ സേന, ആരോഗ്യം, ജലവിഭവ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ദേവസ്വം, കെഎസ്ആര്‍ടിസി എന്നീ വകുപ്പുകളിലുള്ളവരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ റൂം തുറക്കുമെന്നും റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























