മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവം... സി.ജെ എല്‍സിയുടെ ഫോണ്‍ സംഭാഷണം പുറത്ത്; ജോലിയില്‍ കയറി ശേഷം ആറു വര്‍ഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പോസ്റ്റില്‍ എത്തിയതാണ് എല്‍സി

മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ എം.ജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സിയടക്കം കോഴ വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ വിജിലന്‍സ്. കൂടാതെ 2010ല്‍ ജോലിയില്‍ കയറി ശേഷം ആറു വര്‍ഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി. എംജി സര്‍വകലാശാലയുടെ റഗുലര്‍ ബിരുദം നേടിയത് എങ്ങനെയെന്നതടക്കം അന്വേഷിക്കും.
അറസ്റ്റിലായ ജീവനക്കാരി എല്‍സിയും പരാതിക്കാരിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചത്. സംഭാഷണത്തില്‍ പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം പരാമര്‍ശിക്കുന്നുണ്ട്.
ഇതേത്തുടര്‍ന്ന് സര്‍വകലാശാലയുടെ അന്വേഷണത്തില്‍ തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം ഇന്നു ചേരും. അതേസമയം കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എല്‍സി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. താന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാര്‍ക്ക് കൈമാറാനാണെന്ന് എല്‍സി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.
രണ്ടു മാസം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഈ ഉദ്യോഗസ്ഥരുടെ പേരുകളും ഉണ്ട്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎസ്പി എകെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രമക്കേട് നടന്ന എംബിഎ സെക്ഷനിലെ രേഖകള്‍ പരിശോധിക്കുന്ന സംഘം മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha