ഞായര്‍ ലോക്ക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളില്‍ മാറ്റമില്ല, കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരിലും ഒമിക്രോൺ

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം അടുത്തയാഴ്ചയും തുടരും. അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷ൦ നിയന്ത്രണം തുടരണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ഇവ തുടരുന്നത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ദിവസം മാത്രമുള്ള ഈ കടുത്ത നിയന്ത്രണം കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം അരലക്ഷത്തിന് മുകളിലാണ്. ഇവയില്‍ ഭൂരിഭാഗം പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണ് ബാധിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha