റിപ്പബ്ലിക് ദിനത്തില്‍ കുടിലിനു മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയ കുടുംബത്തിന് സഹായഹസ്തവുമായി മേജര്‍ രവി

റിപ്പബ്ലിക് ദിനത്തില്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച കുടിലിനു മുന്നില്‍ നിന്ന് ദേശീയപതാക ഉയര്‍ത്തിയ കുടുംബത്തിന് സഹായഹസ്തവുമായി സംവിധായകന്‍ മേജര്‍ രവി. ചേര്‍പ്പ് ചെറുചേനം വെള്ളുന്നപറമ്ബില്‍ അമ്മിണിയും പേരമക്കളുമാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്തത്.
റിപ്പബ്ലിക് ദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിഎന്‍എന്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എ ആര്‍ പ്രവീണ്‍കുമാര്‍, വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഈ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി വിവേകിന്റെ ആവശ്യപ്രകാരമാണ് അമ്മൂമ്മയും പേരമക്കളും കൂടി പതാകയുയര്‍ത്തിയത്.
ഈ ദൃശ്യം കൊച്ചു മകള്‍ ഫോണില്‍ പകര്‍ത്തി അധ്യാപിക ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. ഈ വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമായി. ഇതിനു പിന്നാലെയാണ് സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ സഹായഹസ്തവുമായി എത്തിയത്. വീട് പുതുക്കിപ്പണിതു നല്‍കാമെന്ന് മേജര്‍ രവി ഉറപ്പു നല്‍കി.കൊച്ചുകുടിലിന്റെ ചിത്രം വീഡിയോയില്‍ കണ്ടവര്‍ പലരും സഹായവുമായി സമീപിച്ചു.
https://www.facebook.com/Malayalivartha
























