ഒരു വർഷം മുൻപ് നടന്ന ദിലീപിന്റെ ദിലീപിന്റെ ഐ.ടി വിദഗ്ധന്‍ സലീഷിന്റെ അപകട മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം, മാസങ്ങൾക്ക് ശേഷമുള്ള പരാതിയ്ക്ക് കാരണം ചാനൽ ചർച്ചകളിലെ വെളിപ്പെടുത്തൽ

ഒരുവർഷം മുൻപ് അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ച കൊടകര കോടാലി സ്വദേശി സലീഷിന്റെ ( സലീഷ് വെട്ടിയാട്ടില്‍ ) മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന് ശിവദാസ് അങ്കമാലി പരാതിയുമായി എത്തി.
നടന് ദിലീപിന്റെ ഐ ഫോണുകള്‍ സര്‍വിസ് ചെയ്തിരുന്നത് സലീഷായിരുന്നു. തുടര്‍ച്ചയായി ചാനല്‍ ചര്‍ച്ചകളിലും മറ്റും സലീഷിന്റെ മരണത്തില്‍ സംശയമുളവാക്കുന്ന പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ സോണി മത്തായി വ്യക്തമാക്കി.
അതേസമയം, നടന് ദിലീപിനെക്കുറിച്ചോ, മരണത്തില്‍ ദുരൂഹതയുള്ളതായോ പരാതിയില്‍ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പരാതിക്ക് വഴിയൊരുക്കിയിരിക്കുന്നത്. സലീഷിനെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് സംവിധായകന് ബാലചന്ദ്രകുമാറായിരുന്നു. നടന് ദിലീപിന്റെ ഐ.ടി വിദഗ്ധനായിരുന്നു സലീഷെന്നും ഇരുവരും തമ്മില്‍ നിഗൂഢ ബന്ധങ്ങളുണ്ടായിരുന്നതായും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ദിലീപിനുവേണ്ടി രാജ്യത്തിന് പുറത്തുപോയി ദൃശ്യങ്ങളും ശബ്ദങ്ങളും വീണ്ടെടുത്ത് കൊടുത്തതടക്കം പല സുപ്രധാന രഹസ്യങ്ങളും അറിയാവുന്ന ആളായിരുന്നു സലീഷെന്നും അതിനാല്‍ സലീഷിന്റെ മരണവും സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. സലീഷിന്റെ ഭാര്യ അബിതയുടെയും മക്കളുടെയും അഭിപ്രായം തേടിയ ശേഷമാണ് സഹോദരന് പരാതി നല്‍കിയത്.
സലീഷ് ഉറങ്ങിയതുകൊണ്ടാണ് അപകടമുണ്ടായതെന്ന അനുമാനത്തിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. സാധാരണ അപകടമെന്ന നിലയിലാണ് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനാല്‍ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha