തിരിച്ച് വരാനായി വലിയ പ്രയത്‌നം... മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയില്‍; തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതി; വിദഗ്ധ ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശ്വസിക്കാന്‍ നേരിയ പുരോഗതി. വാവയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണപോലെയായിട്ടുണ്ട്. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്. ഗുരുതരാവസ്ഥയിലാണെങ്കിലും ആശ്വസിക്കാന്‍ വകയുണ്ട്.
വാവ സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെയാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഹൃദയമിടിപ്പ് സാധാരണനിലയിലായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കരിനാട്ടുകവലയിലെ വീട്ടില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുന്‍പാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞു മാറി. എന്നാല്‍, രണ്ടാംതവണ കാലില്‍ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീടു പിടികൂടി.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴേക്കും സുരേഷിന്റെ ബോധം മറഞ്ഞു. തുടര്‍ന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടര്‍ന്നത് ആശങ്കയുണര്‍ത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീട്ടില്‍നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. കടിയേറ്റിട്ടും മനഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ജലധരന്റെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കല്‍ക്കെട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം ഇന്നലെ വൈകിട്ട് എത്തുകയുമായിരുന്നു. കടി വിടാതിരുന്ന പാമ്പിനെ സുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കല്‍ക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് സുരേഷ് പറഞ്ഞെങ്കിലും ആളുകള്‍ പരിഭ്രാന്തരാവുകയും ഒരാള്‍ ബോധരഹിതനായി വീഴുകയും ചെയ്തു.
അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതനായി. തുടര്‍ന്ന് അടുത്തുള്ള ഭാരത് ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവര്‍ത്തനം ആശങ്കാജനകമാവുകയും ചെയ്തതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മുമ്പ് പന്ത്രണ്ടിലേറെ തവണ സുരേഷ് ഗുരുതരാവസ്ഥയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 13ന് പാമ്പ് പിടിക്കുന്നിതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ സുരേഷിന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെയാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
"
https://www.facebook.com/Malayalivartha