നിര്‍ണായകമായ ദിവസം... ദിലീപിനെ സംബന്ധിച്ച് ഏറെ തിരിച്ചടിക്ക് ശേഷമുള്ള നിര്‍ണായക ദിവസമാണ്; ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഏറെ ആകാംക്ഷ; ഉണ്ടെന്നു പറഞ്ഞതില്‍ ഒരു ഫോണ്‍ ഹാജരാക്കിയില്ല; ഇല്ലെന്നു പറഞ്ഞതു ഹാജരാക്കുകയും ചെയ്തു

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടതിന് ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചാല്‍ എത്രയും പെട്ടന്ന് കസ്റ്റഡിയിലെടുക്കാനുള്ള ഒരുക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.
അതേസമയം ദിലീപും മറ്റും പ്രതികളും ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പട്ടികയിലെ ഒന്നാമത്തെ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ല. ദിലീപിന്റെ ഫോണാണ് ഇതെന്നാണു പ്രോസിക്യൂഷന്‍ നല്‍കിയ പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്.
രണ്ട് ഐ ഫോണുകള്‍ അടക്കം ദിലീപിന്റെ 4 ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഐഎംഇഐ നമ്പര്‍ 356723080949446 ഐ ഫോണ്‍ ആണ് നല്‍കാതിരുന്നത്. എന്നാല്‍ ഈ ഫോണ്‍ ഏതാണെന്നു മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് ഇന്നലെ കോടതിയില്‍ നല്‍കിയ വിശദീകരണം. തന്റെ കൈവശമില്ലെന്നും ഇപ്പോഴോ അടുത്ത കാലത്തോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. ഉപയോഗിച്ചിരുന്ന ഒരു ഐഫോണിന്റെ പ്രവര്‍ത്തനം നേരത്തെ നിലച്ചിരുന്നു.
ഈ ഐ ഫോണ്‍ തന്റെ കൈവശമില്ലെന്ന് ചോദ്യം ചെയ്യവെ, അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ ഫോണാകാം പ്രോസിക്യൂഷന്‍ പറയുന്ന ഫോണ്‍. അല്ലെങ്കില്‍, ജനുവരി 13ന് തന്റെ വീട്ടിലെ പരിശോധനയില്‍ ക്രൈംബ്രാഞ്ച് എടുത്തുകൊണ്ടു പോയ ഫോണ്‍ ഇതാകാമെന്നും ദിലീപ് വിശദമാക്കുന്നു.
താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഐഫോണുകള്‍ പട്ടികയിലുണ്ടെന്ന് ദിലീപ് അറിയിച്ചു. അത് പട്ടികയിലെ രണ്ടും നാലും ആണ്. ഇതില്‍ നാലാമതായി പറയുന്ന ഫോണ്‍ കഴിഞ്ഞ ദിവസം തന്റെ പക്കല്‍ ഇല്ലെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചതാണ്. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ മാത്രമാണു പട്ടികയില്‍ നല്‍കിയിരുന്നത്. ഇത് കോടതിയില്‍ കൈമാറിയിട്ടുണ്ടെന്ന് അറിയുന്നു.
അതേപോലെ മൂന്നാം പ്രതി സുരാജിന്റേതെന്നു പറയുന്ന ഫോണ്‍ യഥാര്‍ഥത്തില്‍ ബന്ധുവും മറ്റൊരു പ്രതിയുമായ കൃഷ്ണപ്രസാദ് എന്ന അപ്പുവിന്റേതാണെന്നും പ്രതികള്‍ വ്യക്തമാക്കി. ഇതാവശ്യപ്പെട്ട് നല്‍കിയ നോട്ടിസിനു മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതികള്‍ കോടതിയെയും പ്രോസിക്യൂഷനെയും കബളിപ്പിക്കുകയാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദത്തിനിടെ അറിയിച്ചു.
തങ്ങളുടെ പക്കലുണ്ടെന്നു സമ്മതിച്ച ഫോണ്‍ പോലും പ്രതികള്‍ നല്‍കിയില്ല. പ്രതികള്‍ അന്വേഷണ നടപടികള്‍ക്ക് വിധേയമാകട്ടെ, പ്രതികള്‍ കുറ്റക്കാരാണെന്നു തെളിയിക്കുന്ന വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് ആര്‍ക്കും ഇതുപോലെയുള്ള പ്രത്യേക അവകാശം ലഭിച്ചിട്ടില്ല. ഫോണ്‍ ക്രൈം ബ്രാഞ്ചിനു കൈമാറണം. എന്തെങ്കിലും മുന്‍വിധിയോ, ഇടപെടലോ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ചോദ്യം ചെയ്തപ്പോള്‍ ഫോണുകളെക്കുറിച്ചു പറഞ്ഞില്ലെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ അക്കാര്യം ചോദിച്ചില്ലെന്നു പ്രതിഭാഗം അറിയിച്ചു. 33 മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു. അവസാന ദിവസം വൈകിട്ട് ഏഴു മണിക്കാണ് ഇത് ചോദിച്ചത്. മാധ്യമ വിചാരണയാണിത്. മുംബൈയിലേക്ക് ഫോണുകള്‍ അയയ്ക്കുമ്പോള്‍ കേസുമില്ല, നോട്ടിസുമില്ല. ഒരാള്‍ വന്നു കള്ളക്കഥ പറഞ്ഞു. സംഭാഷണം റെക്കോര്‍ഡ് ചെയ്ത ടാബ് നശിച്ചുപോയെന്നു പറയുന്നു. ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ് എവിടെ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എല്ലാം പോയി. കെട്ടിച്ചമച്ച കഥയാണിതെന്നു പ്രതിഭാഗം വാദിച്ചു. എന്തായാലും ദിലീപിനെ സംബന്ധിച്ച് എന്തുണ്ടാകുമെന്ന് ഇന്നറിയാം.
"
https://www.facebook.com/Malayalivartha