സ്‌നേഹപൂര്‍വം നിരസിച്ചു... സുരക്ഷിത മാര്‍ഗമില്ലാതെ കൈകൊണ്ട് പാമ്പിനെ പിടിച്ചത് കാരണം വാവ സുരേഷിന് നിരവധി തവണയാണ് പാമ്പുകടിയേറ്റത്; കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പാമ്പുകടിയേറ്റ് ഗുരുതരമായി ഐസിയുവില്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു; ഇത്തരത്തിലുള്ള പാമ്പ് പിടിത്തം അവസാനിപ്പിക്കണം; കിടക്കയില്‍ നിന്നും എഴുന്നേറ്റപ്പേള്‍ എല്ലാം മറന്നു

നിരവധി തവണയാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്. പലപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ നിന്നാണ് വാവ സുരേഷ് തിരിച്ചു വന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 13ന് പാമ്പ് പിടിക്കുന്നിതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ സുരേഷിന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെയാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
അന്ന് വാവ സുരേഷിനെ സ്‌നേഹിക്കുന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. ഇത്തരത്തിലുള്ള പാമ്പ് പിടിത്തം നിര്‍ത്തണം. ഇനിയും കടിയേറ്റാല്‍ താങ്ങാനുള്ള ശേഷിയുണ്ടാകില്ല. പാമ്പിനെ പിടിക്കാന്‍ പോയാല്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. ഈ കാലത്ത് പാമ്പ് പിടിക്കാന്‍ നിരവധി ആധുനിക ഉപകരണങ്ങളുണ്ടെങ്കിലും വാവ സുരേഷ് കൈകൊണ്ടാണ് പാമ്പ് പിടിക്കുന്നത്. ഡോക്ടര്‍മാരുടെ ഉപദേശം വാവ സുരേഷ് സ്‌നേഹപൂര്‍വം കേട്ടു.
എന്നാല്‍ രോഗം ഭേദമായി വരുന്നതിന് മുമ്പേ പാമ്പുണ്ടെന്ന് പറഞ്ഞ് ജനം വിളിച്ചതോടെ ഡോക്ടര്‍മാരുടെ ഉപദേശം മറന്നു. വീണ്ടും പാമ്പ് പിടിത്തവുമായി നടന്നു. അവസാനം കോട്ടയത്ത് വച്ചാണ് വലിയ കടിയേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്.
കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു.
ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ വാവ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാവയെ പാമ്പ് കടിക്കുന്ന വീഡിയോ വൈറലാണ്. പാമ്പ് കടി ഏത്രമേല്‍ ആഴത്തിലായിരുന്നുവെന്ന് ആ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കാലില്‍ കടിയേറ്റതോടെ പാമ്പിനെ സുരേഷിന് വിടേണ്ടിയും വന്നു. ഇതോടെ നാട്ടുകാര്‍ ഭയന്നു. ആ വീഡിയോ എടുക്കുന്ന ആള്‍ പോലും അതുപേക്ഷിച്ച് ഓടി. നാട്ടുകാരുടെ ഈ ഭയം മനസിലാക്കിയാണ് പാമ്പു കടിയേറ്റിട്ടും ആ പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് മുമ്പോട്ട് വന്നത്. അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ പതിവു പോലെ തന്റെ ആരോഗ്യം പ്രതിസന്ധിയിലുമായി.
ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കുകയായിരുന്നു.
കുറിച്ചിയില്‍ വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂര്‍ഖനെയാണ്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ. നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്.
കടിയേറ്റ ശേഷം സുരേഷ് പാമ്പിനെ ബലമായി കാലില്‍നിന്ന് പറിച്ചെറിഞ്ഞശേഷം ഇരുകൈയുംകൊണ്ട് അമര്‍ത്തി രക്തം പുറത്തേക്കുകളഞ്ഞു. വീണ്ടും കരിങ്കല്‍കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിച്ച പാമ്പിനെ അദ്ദേഹം ഉടന്‍ പിടികൂടി വലിയ ടിന്നിലാക്കി തന്റെ വാഹനത്തില്‍ വെയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha