ആ തീരുമാനത്തോടെ ലത 'ഹിറ്റ്‌ലിസ്റ്റില്‍'; എപ്പോഴും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനാൽ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ബുദ്ധിമുട്ടില്ല; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനൊരുങ്ങി പൊലീസ്: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച മാവോവാദി ലതയുടെ മരണം കൊലപാതകമോ ?

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മലമ്പുഴ ലതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനൊരുങ്ങി പൊലീസ്. നാടുകാണി ദളത്തിലെ അംഗമായ മലമ്പുഴ ലത നിലമ്പൂർ വനമേഖലയിൽ കഴിയുന്ന സമയത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് മാവോവാദികൾ പുറത്തുവിട്ട വിവരം. ഇതിലെ സത്യമറിയുകയെന്ന ലക്ഷ്യവും പരിശോധനയ്ക്കു പിന്നിലുണ്ട്. 2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് സംഭവം നടന്നതെന്നാണ് മാവോവാദികൾ പിന്നീട് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. മൃതദേഹം വഴിക്കടവ് വനം റെയ്ഞ്ചിലുൾപ്പെട്ട മരുത കൂട്ടിലപ്പാറ ഭാഗത്ത് വനത്തിൽ കുഴിച്ചിട്ടുവെന്നാണ് അറിയിച്ചത്. ജനവാസ കേന്ദ്രത്തിൽ നിന്ന് 500 മീറ്ററിനും ഒരു കിലോമീറ്ററിനും ഇടയിലുള്ള സ്ഥലത്താണ് കുഴിച്ചിട്ടതെന്നാണു പൊലീസിനു കിട്ടിയ വിവരം.
2021 നവംബർ ഒമ്പതിന് വയനാട്ടിൽ അറസ്റ്റിലായ സാവിത്രി എന്ന മാവോവാദിയെ കഴിഞ്ഞ മാസം നിലമ്പൂർ ഡിവൈഎസ്പിയുടെ കീഴിൽ ചില കേസുകളുടെ തെളിവെടുപ്പിനായി നിലമ്പൂർ മേഖലയിൽ കൊണ്ടുവന്നിരുന്നു. വഴിക്കടവ് മരുത വനമേഖലയിൽ ലതയെ കാട്ടാന ആക്രമിക്കുന്ന സമയത്ത് സാവിത്രിയും കൂടെയുണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ സാവിത്രിയെ വനത്തിൽ കൊണ്ടുപോയി ലതയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടെത്തിയതായും വിവരമുണ്ട്. ലത മരിച്ചതുമായി ബന്ധപ്പെട്ട് മാവോവാദികൾ പറഞ്ഞ വിവരങ്ങൾ മാത്രമാണു പൊലീസിനുള്ളത്. എന്നാൽ കൂടെയുള്ള ആർക്കും പരുക്കേറ്റതായോ രക്ഷപ്പെട്ടതായോ ഉള്ള വിവരങ്ങൾ മാവോവാദികളുടെ കുറിപ്പിൽ എവിടെയും പറഞ്ഞിരുന്നില്ല.
മാവോവാദികളിലാരെങ്കിലും മരിച്ചാൽ അടുത്തുതന്നെ മറവു ചെയ്യാറാണ് പതിവ്. ഇതെല്ലാം കണക്കിലെടുത്താണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഒരുങ്ങുന്നത്. പതിനഞ്ച് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ലത പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പോരാട്ടങ്ങൾക്കെല്ലാം നേതൃനിരയിൽ പ്രവർത്തിച്ചിരുന്നയാളാണ്. ലതയുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകാനായില്ലെന്നും എല്ലാ ബഹുമതികളോടെയും നാടുകാണി കാട്ടിൽ തന്നെ സംസ്കരിച്ചു എന്നാണ് മറ്റ് മാവോവാദികൾ പറയുന്നത്. മാവോയിസ്റ്റ് നേതാവ് സി പി മൊയ്ദീന്റെ ഭാര്യയാണ് ലത. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ മുന്‍പ് മാവോയ്സ്റ്റ് പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ വിവാഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു മൊയ്തീനുമായുള്ള വിവാഹം. മീര എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. മലമ്പുഴ കൊട്ടേക്കാട് സ്വദേശിനിയായ ലത ഒരു കര്‍ഷക കുടുംബാംഗം ആയിരുന്നു. ഇത്തരത്തിലൊരു അപകടവും മരണവും പൊലീസോ വനപാലകരോ നേരത്തെ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ലതയ്ക്ക് 1996 മുതല്‍ വിപ്ലവ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തല്‍. അതേസമയം ഇവരുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാല്‍ എപ്പോഴും ആയുധങ്ങള്‍ കൈവശം വയ്ക്കുന്ന ലതയ്ക്ക് വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണം ബന്ധുക്കളെ അറിയിക്കാത്തതിലും സംശയമുയര്‍ന്നിരുന്നു. മരിക്കുന്നതിന് കുറച്ചു നാളുകൾക്ക് മുൻപ് ലത, വയനാട് സ്വദേശി സോമന്‍ അടക്കമുള്ള മാവോവാദി നേതാക്കള്‍ കേരളാ പൊലീസില്‍ കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന് ആന്ധ്രയിലെ മവോവാദി നേതാക്കളുടെ ഹിറ്റ്‌ലിസ്റ്റില്‍ ലത ഉള്‍പ്പെട്ടിരുന്നു. ഇതിനാല്‍ ലത കൊല്ലപ്പെട്ടതാകാമെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം.
ചിണ്ടക്കോട് വേലായുധന്‍, കല്യാണി ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെയാളായ ലത മലമ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. അതിനുശേഷം വീടിനോട് ചേര്‍ന്ന് സാക്ഷരതാ ക്ലാസിന് നേതൃത്വം നല്‍കി. ലതക്കെതിരേ കേരളത്തില്‍ നാല് കേസുകളാണ് നിലവിലുള്ളത്. വയനാട്ടിലെ തലപ്പാടി സ്റ്റേഷനില്‍ രണ്ടും കണ്ണൂരിലെ കേളകം, കരിക്കോട്ടേരി എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണുള്ളത്.
https://www.facebook.com/Malayalivartha