'ഡിഗ്രിയും പിജിയും, ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡർ വിറ്റുനടന്നും അഭിമാനത്തോടെ പൂർത്തിയാക്കിയ അയാളിപ്പോൾ ഹയർസെക്കൻഡറിയിൽ ഗസറ്റഡ് റാങ്കിൽ മാഷാണ്...' വൈറലായി കുറിപ്പ്
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പരീക്ഷ എഴുതാൻ കഴിയില്ലെന്ന മനോവിഷമത്തിൽ പാലക്കാട് ഉമ്മിനി സ്വദേശിനിയും എംഇഎസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയുമായ ബീന വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്.
പരീക്ഷാ ഫീസടയ്ക്കാൻ ബീനയുടെ അമ്മ കോളജിൽ എത്തിയിരുന്നെങ്കിലും സമയം കഴിഞ്ഞതായി അറിയിച്ച് അധികൃതർ പണം സ്വീകരിച്ചിരുന്നില്ല. ഇതെത്തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴിതാ, ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത കഥാകൃത്ത് കെ.എസ് രതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്വന്തം അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അനാഥമന്ദിരത്തിൽ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാൻ രാത്രിയിൽ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട്. ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡർ വിറ്റുനടന്നും അഭിമാനത്തോടെ പൂർത്തിയാക്കിയ അയാളിപ്പോൾ ഹയർസെക്കൻഡറിയിൽ ഗസറ്റഡ് റാങ്കിൽ മാഷാണ്..
ദേ, അയാള് ഞാനാണ്, ആവർത്തിച്ചു പറയട്ടെ,യുവാക്കളേ നിങ്ങളീ ജീവിതത്തോട് നീതി പുലർത്തുക,സ്വന്തം തോളിൽ പിടിച്ച് എഴുന്നേറ്റ് നടക്കാൻ ശീലിക്കുക.
*കുറിപ്പ്:ഒരു ഭീകര മാന്യനായും മാതൃകാ പുരുഷുവായും തെറ്റിദ്ധരിക്കരുതെന്ന് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha