പാവം കെ സുരേന്ദ്രന്‍.... സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് അറിയാതെ പോയി...

പാവം കെ സുരേന്ദ്രന്‍. തന്നെക്കാള്‍ ഡല്‍ഹിയില്‍ പിടുത്തം പിണറായിക്കാണെന്ന് അദ്ദേഹം അറിയാതെ പോയി.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് അറിയുന്നതേയില്ല.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുകെട്ടിനെ കുറിച്ച് സുരേന്ദ്രന് അറിയാത്തതല്ല. എന്നാല്‍ അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണ് അദ്ദേഹം. പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയാണ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയത്.കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇക്കാര്യം പരസ്യമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) അപൂര്‍ണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമെന്ന് അറിയിച്ചത്. എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുളീധരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഡി.പി ആര്‍ അപൂര്‍ണമാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചു എന്നല്ല.
പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി ഡിപിആറില്‍ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കി. ഇതിലൊന്നും പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിച്ച കേരള സര്‍ക്കാര്‍, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനായി റെയില്‍വെ ബോര്‍ഡിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാല്‍ അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമിയും വേര്‍തിരിച്ചുള്ള വിവരം, റെയില്‍വേ ക്രോസുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണാനില്ലാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കേന്ദ്രം മറുപടി നല്‍കി. പദ്ധതി നടപ്പാക്കുന്നതിന് വിവിധ ഫണ്ടിങ് ഏജന്‍സികളില്‍ നിന്നായി 33,700 കോടി ലോണ്‍ നേടുന്നതിന് കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തില്‍ കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയതായും മറുപടിയില്‍ പറയുന്നു. ഇതില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ബി ജെ പിക്ക് കേന്ദ്ര ആസ്ഥാനത്ത് നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം. കേരളത്തില്‍ ബിജെപി വളരില്ലെന്ന് മനസിലാക്കിയ കേന്ദ്ര നേതൃത്വം കേരള ബിജെപിയെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. കേന്ദ്ര നേതൃത്വം കേരളവുമായി കൂടിയാലോചനകള്‍ പോലും നടത്താറില്ല.
ബി ജെ പി യുടെ കേരള നേതാക്കളെക്കാള്‍ ബന്ധം കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായിക്കുണ്ട്. നിധിന്‍ ഗഡ്ഗരിയാണ് പിണറായിയുടെ കീ കോണ്‍ടാക്റ്റ്. അതു കൊണ്ടു തന്നെ കേരളം പറയുന്ന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അതേപടി അംഗീകരിക്കാറാണ് പതിവ്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് സമര്‍പ്പിക്കുന്ന പദ്ധതികളെല്ലാം തന്നെ അതേപടി അംഗീകരിക്കുകയാണ് പതിവ്.
റയില്‍ മന്ത്രാലയത്തിന് നല്‍കിയ ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ കെ.റയിലിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. റയില്‍ മന്ത്രാലയത്തിന് പുറമേ ഗതാഗത മന്ത്രാലയത്തിലും കെ റയിലിന്റെ ഫയലുകള്‍ നിലവിലുണ്ട്. ഏതായാലും ബി ജെ പി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പുനരാലോചന നല്ലതാണ്. ത ങ്ങളുടെ കൈയിലല്ല കേരളത്തിലെ കാര്യങ്ങളെന്ന് അവര്‍ മനസിലാക്കുന്നത് നന്നായിരിക്കും.
കോടികള്‍ മറിയുന്ന പദ്ധതികളാകുമ്പോള്‍ അത് നടപ്പിലാക്കാന്‍ ആര്‍ക്കാണ് ഉത്സാഹമില്ലാതിരിക്കുക?
"
https://www.facebook.com/Malayalivartha
























