അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേവലം ചില പദ്ധതികളുടെ പേര് പ്രഖ്യാപനം മാത്രം; പകർച്ചവ്യാധികൾ പെരുകുന്ന കാലത്ത് രാജ്യത്തെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിനോ മെച്ചപ്പെട്ട ചികിത്സ സാധാരണക്കാരന് കുറഞ്ഞ നിരക്കിലും പ്രാപ്യമായ സ്ഥലങ്ങളിലും ലഭ്യമാക്കുന്നതിനോ യാതൊരു നടപടിയും ഇല്ലാത്തത് പൊതുജന ആരോഗ്യം എത്ര അവഗണനയോടെയാണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് തെളിയിക്കുന്നു; ആരോപണവുമായി രമ്യ ഹരിദാസ് എം പി

കേന്ദ്ര ബജറ്റ് പ്രഖ്യാപന പ്രസംഗങ്ങൾ ആയി മാറിയെന്ന് രമ്യ ഹരിദാസ് എം പി പറഞ്ഞു. എം പിയുടെ വാക്കുകൾ ഇങ്ങനെ; . രാജ്യം ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രസംഗങ്ങൾകേവലം പ്രഖ്യാപന പ്രസംഗങ്ങൾ ആക്കി ബിജെപി സർക്കാർ മാറ്റി കഴിഞ്ഞു.മുൻകാലങ്ങളിൽ സുവ്യക്തമായും വിശദമായും അവതരിപ്പിച്ചിരുന്ന രാജ്യത്തിന്റെ ബജറ്റ് ഇന്ന് കേവലം അവ്യക്തമായ പദ്ധതി പ്രഖ്യാപനങ്ങൾ ആയി മാറിയിരിക്കുന്നു.
അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുമെന്ന് സൂചിപ്പിക്കുമ്പോഴും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും പരാമർശങ്ങളും ബജറ്റ് മുന്നോട്ടു വെക്കുന്നില്ല. രാജ്യത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വ്യക്തമായ യാതൊരു പദ്ധതികളും മുന്നോട്ട് വെക്കാത്ത ബജറ്റ് സാധാരണക്കാരായ ഭൂരിഭാഗത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേവലം ചില പദ്ധതികളുടെ പേര് പ്രഖ്യാപനം മാത്രമായി ബജറ്റിനെ മാറ്റി.പകർച്ചവ്യാധികൾ പെരുകുന്ന കാലത്ത് രാജ്യത്തെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിനോ മെച്ചപ്പെട്ട ചികിത്സ സാധാരണക്കാരന് കുറഞ്ഞ നിരക്കിലും പ്രാപ്യമായ സ്ഥലങ്ങളിലും ലഭ്യമാക്കുന്നതിനോ യാതൊരു നടപടിയും ഇല്ലാത്തത് കേന്ദ്രസർക്കാരിന് പൊതുജന ആരോഗ്യം എത്ര അവഗണനയോടെ ആണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് തെളിയിക്കുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി മികച്ച പദ്ധതികൾ ഇല്ലാത്തത് വലിയ പോരായ്മയാണ്.മൂന്ന് പദ്ധതികളുടെ പേരുകൾ പ്രഖ്യാപിച്ചു എന്നതിനപ്പുറം കോവിഡാനന്തര സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന സാമ്പത്തിക സാമൂഹ്യ മാനസിക പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ ബജറ്റിൽ ഇല്ലാത്തത് നിരാശാജനകമാണ്.വനിതകൾക്ക് പ്രത്യേകമായ ഇളവോടെ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതികളില്ലാത്തതും പോരായ്മയാണ്.
സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ പ്രത്യേക പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു,എന്നാൽ അതെല്ലാം ബജറ്റ് പ്രഖ്യാപനം അസ്ഥാനത്താക്കി. രാജ്യത്തെ കർഷകരുടെ ആശങ്കകൾ അകറ്റാൻ വ്യക്തമായ പദ്ധതികളോ കാർഷിക രംഗത്തെ മുന്നേറ്റത്തിന് ആസൂത്രിതമായ നീക്കങ്ങളോ ഒന്നുമില്ല.
വിദ്യാഭ്യാസ രംഗത്ത് ചാനലുകൾ തുടങ്ങുമെന്നും ഡിജിറ്റലൈസേഷൻ വ്യാപകമാക്കും എന്നു പറയുമ്പോഴും രാജ്യത്ത് വലിയൊരു വിഭാഗം ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തവരോ,സ്വന്തമാക്കാൻ കഴിയാത്തവരെ ആണെന്നുള്ള യാഥാർത്ഥ്യം മറച്ചുവെക്കുകയും അത്തരം വിഭാഗങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കി മാറ്റുന്നതിനോ ഡിജിറ്റൽ ഉപകരണങ്ങൾ സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളോ ബജറ്റ് മുന്നോട്ടുവെക്കുന്നില്ല.
അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികൾ പ്രഖ്യാപനങ്ങൾ ആയി മാത്രം ഒതുങ്ങുമെന്ന് ഉറപ്പാണ്. ഇന്ത്യക്കാർ അഭിമാനത്തോടുകൂടി കണ്ടിരുന്ന രാജ്യത്തിന്റെ പൊതുമേഖല സ്വത്തുക്കൾ വിറ്റഴിക്കുന്നത് അഭിമാനമാണെന്ന് പ്രഖ്യാപിക്കുന്ന സർക്കാരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്.
https://www.facebook.com/Malayalivartha
























