എന്തിനീ ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ കഴുത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു: കൊടുംക്രൂരത നടന്നത് പത്തനംതിട്ടയിൽ...

വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. പത്തനംതിട്ടയിലാണ് നായയോട് കൊടുംക്രൂരത കാണിച്ചത്. ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ട് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പെരുന്തേനരുവിയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചത്ത നായയുടെ കഴുത്തിലെ ചങ്ങല ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു. അത് വേദന സഹിക്കാനാകാതെ കരഞ്ഞപ്പോൾ നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ ഒരാൾക്ക് കടിയേറ്റു. ചാത്തൻതറ സ്വദേശിയായ ചന്ദ്രനാണ് നായയുടെ കടിയേറ്റത്.
ആരാണ് നായയുടെ മൃതദേഹം ഇത്തരത്തിൽ കെട്ടിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ചത്ത നായ പ്രദേശവാസിയായ പെൺകുട്ടിയുടേതാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ 23 കാരൻ ഓഡി കാർ കയറ്റി തെരുവ് നായയെ കൊന്നിരുന്നു. വഴിയരികിൽ ഉറങ്ങിക്കിടന്ന നായയുടെ ദേഹത്തുകൂടെ ഇയാൾ കാർ കയറ്റി ഇറക്കുകയായിരുന്നു. നായയെ കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്.
റോഡരികിൽ ഉറങ്ങുന്ന ഒരു കൂട്ടം നായ്‌ക്കൾക്ക് നേരെ യുവാവ് കാർ ഓടിച്ചു വരുന്നതും, മറ്റ് നായകൾ ചിതറി ഓടുന്നതും ഒരു നായ അതിനടിയിൽ പെടുന്നതും വീഡിയോയിൽ കാണാം. പ്രതിഷേധത്തിനൊടുവിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഈ നായയുടെ സംസ്കാരത്തിനായി എത്തിയത്. മൃഗ ക്രൂരതയ്‌ക്കെതിരെ വാദിക്കുന്ന ബാനറുകൾ ഉയർത്തി സ്കൂൾ കുട്ടികളും സംസ്കാരത്തിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























